News

സച്ചിൻദേവ് – ആര്യാ രാജേന്ദ്രൻ വിവാഹത്തീയതി നിശ്ചയിച്ചു; കല്യാണം തിരുവനന്തപുരത്ത്

ബാലുശേരി എംഎൽഎ സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സെപ്റ്റംബർ നാലിനു വിവാഹിതരാകും. വിവാഹച്ചടങ്ങുകൾ തിരുവനന്തപുരം എകെജി ഹാളിൽ നടക്കുമെന്നാണ് റിപ്പോർട്ട്. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് റിസപ്ഷനും നടത്തും. ഈ വർഷം മാർച്ച് ആറിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ.

ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള പരിചയമാണ് വിവാഹത്തിലെത്തുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ചെയർമാനായിരുന്നു. നിയമബിരുദധാരിയാണ്.

പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സച്ചിൻ ദേവ് (28) ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസ്സിലാണ് ആര്യ മേയറാകുന്നത്. എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.

ബാലുശ്ശേരിയിൽ സച്ചിൻദേവ് മത്സരിച്ചപ്പോൾ താരപ്രചാരകയായി ആര്യ എത്തിയിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി എസ്എഫ്ഐ സംസ്ഥാന സമിതി അംഗമെന്ന നിലയിലാണ് ആര്യ അന്ന് പ്രചാരണത്തിന് എത്തിയത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എൽഡിഎഫ് സ്ഥാനാർഥികളിലൊരാൾക്കായി പ്രചാരണത്തിന് എത്തിയത് അന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com