LOCAL NEWSNews

റെയിന്‍കോട്ടും ഹെല്‍മറ്റും മാസ്കും ധരിച്ച് പള്‍സര്‍ ബൈക്കുകള്‍ അടിച്ചുമാറ്റും; കുട്ടികള്ളൻ പിടിയില്‍

കോഴിക്കോട്: പതിവായി പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്ന കുട്ടിക്കള്ളന്‍ കോഴിക്കോട് പിടിയില്‍. കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പള്‍സര്‍  220 ബൈക്ക് മോഷണം പോയതിന് പിന്നില്‍ പേരാമ്പ്ര സ്വദേശിയായ വിദ്യാര്‍ത്ഥി. കോഴിക്കോട് കണ്ണൂർ റോഡിലെ ഹോട്ടലിലെ ജോലിക്കാരനായ സാദിദ് ഗവാദ് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക്, ചക്കരത്ത് കുളം എസ്.ഐ.ബി. ബാങ്കിന്‍റെ മുന്നിൽ അഭിനരാജ് നിറുത്തിയിട്ട ബൈക്ക്, കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള സെഞ്ച്വറി കോംപ്ലക്സിൽ  നിറുത്തിയിട്ട ബൈക്ക് എന്നീ കേസുകളിലെ അന്വേഷണമാണ് കുട്ടിക്കള്ളനിലേക്ക് എത്തിയത്.

നടക്കാവ് പൊലീസാണ് കേസ് അന്വേഷിച്ചത്. ബൈക്ക് മോഷണം പോയതിന്‍റെ സമീപ പ്രദേശങ്ങളിലെ സിസിടിവികളില്‍ നിന്ന് ഒരേ ആള്‍ തന്നെയാണ് മോഷ്ടാവ് എന്ന് വ്യക്തമായിരുന്നു. നീല നിറത്തിലുള്ള പ്ലാസ്റ്റിക് റെയിന്‍ കോട്ട്, ഹെല്‍മറ്റ്, മാസ്ക് എന്നിവ ധരിച്ച വ്യക്തിയാണ് മൂന്ന് സ്ഥലങ്ങളില്‍ നിന്നും ബൈക്ക് മോഷ്ടിച്ചത്. ഇതിന് പിന്നാലെ നടക്കാവ് ഇൻസ്പെക്ടർ പി.കെ.  ജിജീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നഗരത്തിലെ വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് മോഷ്ടാവിനെ വ്യക്തമായത്. നേരത്തെ സമാന കുറ്റകൃത്യങ്ങളില്‍ ഈ വിദ്യാര്‍ത്ഥി പിടിയിലായിട്ടുണ്ട്. വിദ്യാര്‍ത്ഥിയില്‍ നിന്ന് വടകരയിലെ മുസ്ലീം പളളിയിൽ നിന്നും മോഷ്ടിച്ച ഒരു മൊബെൽ ഫോണും കോഴിക്കോട് നിന്ന് മോഷണം പോയ ബൈക്കുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതിക്ക് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നും  പള്‍സര്‍ 220 മോഷണം പോയ മറ്റ് കേസുകളില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്കെതിരെ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ റിപ്പോർട്ട് കൊടുക്കുന്നതിനാവിശ്യമായ നടപടി സ്വീകരിച്ചു. സബ് ഇൻസ്പെക്ടർ കൈലാസ് നാഥ്,  സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത്. എം.വി.,ഹരീഷ് കുമാർ സി, സിവിൽ പോലീസ് ഓഫീസർമാരായ ലെനീഷ് പി.എം ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com