KERALA NEWS

എഐ ക്യാമറകളെക്കുറിച്ചുള്ള വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്; യാഥാർഥ്യം വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: എഐ ക്യാമറകൾ ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് വകുപ്പിന്റെ വാഹനങ്ങളെ തൽസമയം നിരീക്ഷിക്കുന്നുവെന്ന രീതിയിൽ പ്രമുഖ മലയാള ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത തികച്ചും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.പൊതുജനങ്ങൾക്കിടയിൽ മോട്ടോർ വാഹന വകുപ്പിനെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന തരത്തിലുള്ള വാർത്തയാണിതെന്നും വകുപ്പ് അറിയിച്ചു.വകുപ്പിന്റെ വിശദീകരണപ്രകാരം, എഐ ക്യാമറകൾ AI Edge സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്.

ഇവയ്ക്ക് തൽസമയ നിരീക്ഷണ (Live Streaming) സംവിധാനമോ അലർട്ട് വീഡിയോ റെക്കോർഡിംഗ് സംവിധാനമോ ഇല്ല. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുമ്പോൾ വാഹനങ്ങളുടെ നിശ്ചല ചിത്രങ്ങൾ (സ്റ്റിൽ ഇമേജുകൾ) മാത്രമാണ് ക്യാമറകൾ പകർത്തുന്നത്.ക്യാമറകളിൽ നിന്നുള്ള ചിത്രങ്ങൾ സുരക്ഷിതമായ Secured VPN മുഖേന ആദ്യം തിരുവനന്തപുരത്തെ സ്റ്റേറ്റ് സെൻട്രൽ ഡാറ്റാ സെന്ററിലെത്തുന്നു. തുടർന്ന് ജില്ലാ അടിസ്ഥാനത്തിൽ തരംതിരിച്ച ശേഷമാണ് അതത് ജില്ലാ കൺട്രോൾ റൂമുകളിലേക്ക് കൈമാറുന്നത്. അവിടെ നിന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ അന്തിമ പരിശോധനയ്ക്കും അംഗീകാരത്തിനുമായി ഡാറ്റ എത്തിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ഒരു ഉദ്യോഗസ്ഥനും വാഹനങ്ങളുടെ തൽസമയ വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് വകുപ്പ് വ്യക്തമാക്കി.കൂടാതെ, ഏതെങ്കിലും പ്രത്യേക വാഹന നമ്പറിനെയോ ഉടമസ്ഥതയിലുള്ള വാഹനങ്ങളെയോ തൽസമയം നിരീക്ഷിക്കാനോ, നിയമലംഘനങ്ങൾ സംബന്ധിച്ച അലർട്ടുകൾ ലഭിക്കാനോ, ബ്ലാക്ക് ലിസ്റ്റ്/ഹോട്ട് ലിസ്റ്റ് ചെയ്യാനോ നിലവിലെ എഐ ക്യാമറ സംവിധാനത്തിൽ സൗകര്യമില്ലെന്നും അറിയിച്ചു.കെൽട്രോണിന്റെയോ മോട്ടോർ വാഹന വകുപ്പിലെയോ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളുമായി എഐ ക്യാമറകൾ ബന്ധിപ്പിച്ചിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി.യാഥാർഥ്യങ്ങൾ പരിശോധിക്കാതെയാണ് ഇത്തരം വാർത്ത പ്രസിദ്ധീകരിച്ചതെന്നും, അതിനാൽ ഇത് തീർത്തും വസ്തുതാവിരുദ്ധമായ റിപ്പോർട്ടാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com