
കോടഞ്ചേരി:മലയോര മേഖലയിൽ പെയ്ത ശക്തമായ മലവെള്ളപ്പാച്ചിലിൽ ചാലിപ്പുഴയിലെ പറപ്പറ്റ പാലത്തിനടിയിൽ മരം വന്നു തടഞ്ഞിരുന്നു. മുക്കത്ത് നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെമ്പർ ജോസ് പെരുമ്പിള്ളി എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രദേശത്താകമാനം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് പരിധിയിലെ പുഴകളിൽ പരിസരവാസികളും വിനോദസഞ്ചാരികളും ഇറങ്ങരുതെന്ന് പഞ്ചായത്ത് കർശന നിർദേശം നൽകിയിട്ടുണ്ട്.
തുഷാരഗിരിയിലെ രണ്ടും മൂന്നും വെള്ളച്ചാട്ടങ്ങളിലേക്ക് ഉള്ള പ്രവേശനവും വനംവകുപ്പും നിയന്ത്രിച്ചിട്ടുണ്ട്.കാലവർഷം ശക്തമായതോടെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗവൺമെന്റ് യു പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട വെണ്ടേക്കുംപൊയിൽ എസ് ടി കോളനിയിലെ മുഴുവൻ കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റി.



