
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ കല്ലന്ത്രമേട് അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു.പാട്ടും കളിയും ചിരിയുമായി വിദ്യാർഥികൾ അങ്കണവാടിയിലെ കുരുന്നുകൾക്കൊപ്പം സന്തോഷം പങ്കുവെച്ചു. വളണ്ടിയർമാർ നൽകിയ മധുരവും സ്നേഹസമ്മാനങ്ങളും കുട്ടികൾക്ക് ഇരട്ടി സന്തോഷമായി. കുരുന്നുകൾക്കൊപ്പമുള്ള നിമിഷങ്ങൾ വിദ്യാർഥികൾക്ക് ബാല്യകാല ഓർമ്മകളിലേക്കുള്ള മധുരയാത്രയായി.അധ്യാപികയും മാനേജ്മെന്റ് പ്രതിനിധിയുമായ സിസ്റ്റർ സുധർമ്മ, ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ്, സൗഹൃദ കോർഡിനേറ്റർ രാജി ജോസഫ് എന്നിവർ നേതൃത്വം നൽകി.



