KOODARANCHILOCAL NEWS

ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് ഫാം ടൂറിസം പദ്ധതി ഊർജമേകും – മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവമ്പാടി:ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന് ഫാം ടൂറിസം പദ്ധതി ഊർജമേകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫാം ടൂറിസം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൂവാറൻതോട്, കല്ലംപുല്ല് ഡ്രീം ഏക്കേഴ്സിൽ നിർവഹിക്കുകയായിരുന്നു മന്ത്രി . 

ഒരു പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾക്ക് ഫാം ടൂറിസം കാരണമാവും. ടൂറിസത്തെ കൂടുതൽ ജനകീയമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ജനങ്ങൾക്ക് ടൂറിസം ഗുണകരമാകണം.  

പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങൾക്ക് ഒരു കൈത്താങ്ങായി ടൂറിസം മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതോടുകൂടി മലയോര മേഖലയിലും നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം എൽ എ മുഖ്യാതിഥിയായിരുന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് വിശിഷ്ടാതിഥിയായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ രജനി മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.കർഷകർക്ക് അധിക വരുമാനം ലഭ്യമാക്കുക, പുതിയ വിപണനം സാധ്യത വർദ്ധിപ്പിക്കുക, സമൂഹത്തിലെ മറ്റുള്ളവരെ കൂടി കാർഷിക വൃത്തിയിലേക്ക് ആകർഷിക്കുക, ടൂറിസം മേഖലയിൽ ഗുണകരമായ മാറ്റം കാർഷിക മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുക, തുടങ്ങിയവയാണ് ഫാം ടൂറിസം പദ്ധതിയുടെ ലക്ഷ്യങ്ങൾ. ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതം ഉൾപ്പെടുത്തി ന്യൂതന സംയുക്ത പ്രോജക്ട് ആയാണ് പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കിയത്. കൊടുവള്ളിബ്ലോക്ക് പഞ്ചായത്തിലെ കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, ഓമശ്ശേരി, തിരുവമ്പാടി എന്നീ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.

 തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ നാസർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം പി ശിവാനന്ദൻ മറ്റ് ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് സ്വാഗതവും, കൃഷി അസിസ്റ്റൻറ് ഡയറക്ടർ പ്രിയ മോഹൻ നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com