LOCAL NEWS

തിരുവമ്പാടിയുടെ തീൻമേശയിൽ ഇന്നു രാത്രി ഫുഡ് പ്ലേറ്റ് രുചിയേറും

തിരുവമ്പാടി:ആരോഗ്യ സൂചകങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം എന്നിരുന്നാലും സംസ്ഥാനത്ത് ഒട്ടാകെ ജീവിതശൈലി രോഗങ്ങളുടെ (പ്രമേഹം, രക്താതിമർദ്ദം, കാൻസർ , ഹൃദ്രോഗം, പൊണ്ണത്തടി, കൊളസ്ട്രോൾ മുതലായവ) വ്യാപ്തി വർധിച്ചു കൊണ്ടിരിക്കുകയാണ്.ശാസ്ത്രീയ രീതിയിലുള്ള ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പ്രാരംഭഘട്ടത്തിൽ തന്നെ ജീവിതശൈലി രോഗങ്ങളെ കണ്ടെത്തുകയും ശരിയായ ചികിത്സ എടുക്കുകയും ചെയ്യുക എന്നതാണ് ജീവിതശൈലി രോഗങ്ങൾ ചെറുക്കുന്നതിനുള്ള ഒരേയൊരു പോംവഴി. ഈ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളെ തടയാനായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനത്തിന്റെ ഭാഗമായി സെപ്റ്റംബർ 26ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും സമീകൃതാഹാരം വിളമ്പുന്ന ശാസ്ത്രീയ രീതിയായ ഫുഡ്‌ പ്ലേറ്റ് സംവിധാനത്തിൽ ഭക്ഷണം ഒരുക്കുന്നു. സെപ്റ്റംബർ 29ന് എല്ലാ വിദ്യാലയങ്ങളിലും അംഗനവാടികളിലും ഓഫീസുകളിലും ഫുഡ്‌ പ്ലേറ്റ് രീതിയിലാണ് ഭക്ഷണം കഴിക്കുന്നത്. കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, വിവിധ ഡിപ്പാർട്ട്മെന്റുകൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഫുഡ്പ്ലേറ്റ് എന്നാൽ നാം കഴിക്കുന്ന ഭക്ഷണ പ്ലേറ്റിന്റെ പകുതിഭാഗം പച്ചക്കറികളും പഴവർഗ്ഗങ്ങളും ബാക്കി പകുതിയിൽ 30% ധാന്യം ( അരി, ഗോതമ്പ് മുതലായവ ) 20% മാംസ്യം, ( പയർ വർഗ്ഗങ്ങൾ, മീൻ, മുട്ട, ഇറച്ചി, പാൽ ) എന്നിവ ചേർന്ന സമീ കൃതാഹാരം വിളമ്പുന്ന ശാസ്ത്രീയ രീതിയാണിത്. ശരീരത്തിന് ആവശ്യമായ എല്ലാ പോഷക ഘടകങ്ങളും ജലവും കൃത്യമായ അളവിൽ സംയോജിപ്പിച്ചുകൊണ്ടുള്ള ഭക്ഷണ രീതിയാണ് ഫുഡ്‌ പ്ലേറ്റ്.*സപ്തംബർ 26 ന് വീട്ടുകാർ ചെയ്യേണ്ടത്* രാത്രിയിലെ ഭക്ഷണം ഫുഡ് പ്ലേറ്റ് രീതിയിൽ തയ്യാറാക്കി (നാട്ടിൽ നിന്ന് കിട്ടുന്ന ഇലക്കറികളും പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടെ) തീൻമേശയിൽ എത്തിച്ച് കുടുംബത്തോടൊപ്പം ഒന്നിച്ചു ഭക്ഷണം കഴിക്കുകയും, ഫുഡ്‌ പ്ലേറ്റിന്റെ ഫോട്ടോ എടുക്കുകയും കുടുംബശ്രീ ഭാരവാഹികൾക്ക് അയച്ചുകൊടുക്കുകയും വേണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ടും കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ .വിയും അറിയിച്ചു.ഏറ്റവും നല്ല ഫുഡ് പ്ലേറ്റ് തയ്യാറാക്കിയ കുടുംബത്തിന് വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും സമ്മാനങ്ങൾ നൽകുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com