LOCAL NEWSNews

കാന്തപുരം എ.പി.മുഹമ്മദ് മുസല്യാർക്ക് ജനഹൃദയങ്ങളുടെ യാത്രാമൊഴി

കോഴിക്കോട് :കാന്തപുരം എ.പി.മുഹമ്മദ് മുസല്യാർക്ക് ജനഹൃദയങ്ങളുടെ യാത്രാമൊഴി. മർകസ് മസ്ജിദുൽ ഹാമിലിയിലെ പ്രാർഥനയ്ക്കു മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖിയും ജനാസ നമസ്കാരത്തിനു കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയും നേതൃത്വം നൽകി. കരുവൻപൊയിൽ ജുമാമസ്ജിദിലെ നമസ്കാരത്തിനു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസല്യാർ, ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സയ്യിദ് തുറാബ് സഖാഫി, അബ്ദുറഹ്മാൻ ഫൈസി മരായമംഗലം, ബഷീർ ഫൈസി വെണ്ണക്കോട് എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ കോളജ്, കാരപ്പറമ്പ് ജുമാമസ്ജിദ് എന്നിവിടങ്ങളിലെ ജനാസ നമസ്കാരങ്ങൾക്കും മതപണ്ഡിതർ നേതൃത്വം നൽകി. കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ പ്രഥമ ശിഷ്യനായ മുഹമ്മദ് മുസല്യാർ, കാന്തപുരത്തിന്റെ നിർദേശ പ്രകാരം കാന്തപുരത്തെ ജുമാമസ്ജിദിൽ മൂന്നര പതിറ്റാണ്ടോളം ദർസ് നടത്തിയതിനെ തുടർന്നാണ് കാന്തപുരം എന്ന പേരും ഒപ്പം ചേർന്നത്. മുസ്‌ലിം കർമശാസ്ത്രം, നിയമം, ഹദീസ് മേഖലകളിൽ പണ്ഡിതനായ എ.പി.മുഹമ്മദ് മുസല്യാരുടെ പഠനങ്ങളും ഫത്‌വകളും പ്രഭാഷണങ്ങളും മുസ്‌ലിം സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇസ്‌ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകൾ തീർപ്പാക്കുന്നതിൽ അദ്ദേഹത്തിന്റെ സേവനങ്ങളെ കോടതികൾ ഉപയോഗപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ ഒട്ടേറെ മഹല്ലുകളുടെ ഖാസിയുമാണ്. കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ഖാസി, മുഫ്തി, ദർസ് ഉത്തരവാദിത്തങ്ങൾ നിർവഹിച്ച മുഹമ്മദ് മുസല്യാർക്ക് കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ശിഷ്യരുണ്ട്. പരേതരായ കല്ലാച്ചി മരക്കാർ ഹാജിയുടെയും ആയിശയുടെയും മകനായി 1950 ൽ കരുവൻപൊയിൽ ആലോൽ പൊയിലിലായിരുന്നു ജനനം. 50 വർഷമായി കാരപ്പറമ്പ് ജുമാ മസ്ജിദിൽ ജുമുഅ പ്രാർഥനയ്ക്കു നേതൃത്വം നൽകുന്നു. എ.പി.മുഹമ്മദ് മുസല്യാരുടെ പഠനനിരീക്ഷണങ്ങളും ഫത്‌വകളും ആധുനികകാലത്ത് ഇസ്‌ലാമിക വൈജ്ഞാനിക മേഖലയെ സമ്പുഷ്‌ടമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു.സാത്വികനായ പണ്ഡിതനെയാണ് മുഹമ്മദ് മുസല്യാരുടെ വിയോഗത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ മുസ്‌ലിം സമുദായത്തിനുള്ള മാർഗനിർദേശങ്ങളായി എക്കാലത്തും നിലകൊള്ളുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com