ഗർഭാശയ ഗള ക്യാൻസറിനെതിരെയുള്ള വാക്‌സിനേഷൻ: കോഴിക്കോട് ജില്ലയ്ക്ക് മാതൃകയായി മുക്കം MKHMMO ഗേൾസ് ഹൈസ്‌കൂൾ.

മുക്കം: ഗർഭാശയ ഗള ക്യാൻസറിനെതിരെയുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി.) വാക്‌സിനേഷൻ നൽകുന്നതിൽ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് മാതൃകയായി മുക്കം നഗരസഭയിലെ എം.കെ.എച്ച്.എം.എം.ഒ ഗേൾസ് ഹൈസ്‌കൂൾ. മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാക്‌സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂളിലെ 60 വിദ്യാർത്ഥിനികൾ വാക്‌സിൻ സ്വീകരിച്ചു.
14 വയസ്സ് തികഞ്ഞ പെൺകുട്ടികൾക്കും അടുത്ത 90 ദിവസത്തിനുള്ളിൽ 15 വയസ്സ് പൂർത്തിയാകുന്നവർക്കുമാണ് ക്യാമ്പയിനിലൂടെ വാക്‌സിൻ നൽകുന്നത്. വാക്‌സിനേഷൻ വിജയകരമായി പൂർത്തിയാക്കാൻ സഹകരിച്ച വിദ്യാർത്ഥിനികളെയും രക്ഷിതാക്കളെയും സ്‌കൂൾ അധികൃതരെയും മുക്കം നഗരസഭ അഭിനന്ദിച്ചു.
മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. ചന്ദ്‌നി, എം.കെ.എച്ച്.എം.എം.ഒ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസിന് ഉപഹാരം കൈമാറി. ചടങ്ങിൽ ഡിവിഷൻ കൗൺസിലർ ഷജീഷ് വായലത്ത്, മെഡിക്കൽ ഓഫീസർ ഡോ. രൂപ ഇ.കെ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.



