
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻറെ (നാക്) എ ഗ്രേഡ് കരസ്തമാക്കിയ മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിന് സർട്ടിഫിക്കറ്റ് സമർപ്പിച്ചു. മുക്കം കെ.എം.സി.ടി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് നാക് അംഗീകാര പ്രഖ്യാപനവും സമർപ്പണവും നടത്തി. കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ലതി നായരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. നാക് കോർ ടീമിന് ലിന്റോ ജോസഫ് എം.എൽ.എ ഉപഹാരം നൽകി. കെ.എം.സി.ടി സ്ഥാപക ചെയർമാൻ ഡോ. കെ മൊയ്തു അധ്യക്ഷത വഹിച്ചു. കെ.എം.സി.ടി ചെയർമാൻ ഡോ.കെ.എം.നവാസ്, എക്സിക്യൂട്ടീവ് ട്രസ്റ്റീ ഡോ.ആയിഷ നസ്‌റിൻ എന്നിവർ സംസാരിച്ചു. കെഎംസിടി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വിജിഷ് വേണുഗോപാൽ സ്വാഗതവും ഡോ. രൂപേഷ് രാമൻ നന്ദിയും പറഞ്ഞു. നാക് എ ഗ്രേഡ് നേട്ടം കൈവരിക്കുന്ന കേരളത്തിലെ ഏക മെഡിക്കൽ കോളജാണ് കെ.എം.സി.ടി. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ആരോഗ്യ പരിപാലനത്തിലുമുള്ള സ്ഥാപനത്തിൻറെ മികവ് പരിഗണിച്ചാണ് ഇത്തരമൊരു അംഗീകാരം ലഭ്യമായത്.



