
മുക്കം : മലയോര മണ്ണിൽ സിനിമാ തിയേറ്ററുകളെ ജനകീയമാക്കിയ തിയേറ്റർ ഉടമ ‘അഭിലാഷ് കുഞ്ഞേട്ടന്’ നാടിന്റെ യാത്രാമൊഴി. മുത്തേരിയിലെ വീട്ടിലും മുക്കം സേക്രട്ട് ഹാർട്ട് ദേവാലയത്തിലും പൊതുദർശനത്തിനുവെച്ച് മൃതശരീരത്തിൽ ആയിരക്കണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.സുഹൃത്തിന്റെ ചങ്ങരംകുളത്തെ തിയേറ്റർ സന്ദർശിക്കുന്നതിനിടെ ഒന്നാം നിലയിൽനിന്നു വീണ കെ.ഒ. ജോസഫ് എന്ന കുഞ്ഞൻ ബുധനാഴ്ച പുലർച്ചയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽവെച്ചാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ടോടെ മുത്തേരിയിലെ സ്വവസതിയിൽ എത്തിച്ച മൃതദേഹത്തിൽ സിനിമ-സാംസ്കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ, പ്രമുഖ നിർമാതാവും വിതരണക്കാരനുമായ ആന്റോ ജോസഫ്, സ്വർഗചിത്ര അപ്പച്ചൻ, സെഞ്ച്വറി കൊച്ചുമോൻ, ഫിയോക് പ്രസിഡൻറ് വിജയകുമാർ, സെക്രട്ടറി സുമേഷ് ജോസഫ്, രാജേഷ് സെന്തിൽ പിക്ചേഴ്സ്, കാസ സേവ്യർ, കേരള സിനി എക്സിബിറ്റേഴ്സ് ഫെഡറേഷൻ മുൻ പ്രസിഡൻ്റ് ലിബർട്ടി ബഷീർ, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ട്രഷറർ വക്കച്ചൻ, പ്രമുഖ തിയേറ്റർ ഉടമ കവിത സാജു, ഫിയോക് മുൻ പ്രസിഡന്റ് എം.സി. ബോബി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.പ്രത്യേക ചടങ്ങുകൾക്കും ശുശ്രൂഷകൾക്കുംശേഷം വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ മൃതദേഹം മുക്കം സേക്രഡ് ഹാർട്ട് ദേവാലയത്തിൽ എത്തിച്ചു.വൈകീട്ട് അഞ്ചുമണിയോടെ സേക്രഡ് ഹാർട്ട് ദേവാലയത്തിന്റെ കല്ലുരുട്ടിയിലെ സെമിത്തേരിയിൽ അടക്കംചെയ്തു



