അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചാല്‍ പാരിതോഷികം; വാട്‌സാപ്പ് ചെയ്താല്‍ ഉടൻ പണം അക്കൗണ്ടിലെത്തും

കോഴിക്കോട്: റോഡപകടങ്ങളില്‍ പെടുന്നവരുടെ രക്ഷകർക്ക് ഇനി പൊലീസിന്റെ പാരിതോഷികം. അപകടത്തില്‍പെടുന്നവരുടെ ജീവൻ രക്ഷിക്കുകയെന്ന ലക്ഷ്യവുമായി ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ കോഴിക്കോട് സിറ്റി പൊലീസാണ് ‘ഗുഡ് സമരിറ്റൻസ് അവാർഡ് ‘ പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
അപകടം പറ്റിയാളെ ആശുപത്രിയില്‍ എത്തിച്ചശേഷം അവരുടെ ഫോട്ടോ, അപകടം സംഭവിച്ച ആളുടെ വിവരണം, എത്തിച്ചയാളുടെ വിവരങ്ങള്‍ എന്നിവ 8590965259 എന്ന വാട്സ് ആപ്പ് നമ്ബറിലേക്ക് സന്ദേശമായി അയച്ചാല്‍ ഉടൻ 500 രൂപ പാരിതോഷികമായി ഓണ്‍ലൈൻ വഴി ലഭിക്കും.
അപകടത്തില്‍പ്പെട്ടവരെ കണ്ടാലും നിയമക്കുരുക്കുകള്‍ ഭയന്ന് പലപ്പോഴും ആളുകള്‍ മാറിപോകുന്ന സ്ഥിതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പദ്ധതിയുമായി സിറ്റി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. തുടക്കത്തില്‍ കോഴിക്കോട് നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.
സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ദുരുപയോഗം തടയാൻ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ആശുപത്രിയില്‍ നിന്ന് ആധികാരിക വിവരങ്ങള്‍ ശേഖരിക്കും. അപകടത്തില്‍പ്പെടുന്നവർ നിർണായക സമയത്തിനകം ആശുപത്രിയില്‍ എത്താത്തതിനാല്‍ മരിക്കുകയോ ജീവച്ഛവങ്ങളായി മാറുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുകയാണെന്ന് പദ്ധതി പ്രഖ്യാപിച്ച് സിറ്റി പൊലീസ് കമ്മിഷണർ രാജ്‌പാല്‍ മീണ പറഞ്ഞു.
അപകടത്തിന്റെ ചിത്രങ്ങള്‍ എടുക്കാനും ദൃശ്യങ്ങള്‍ പകർത്താനും താത്പര്യം കാട്ടിയാലും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാൻ പലരും തയ്യാറാകുന്നില്ല. പല തടസവാദങ്ങളും ഉന്നയിച്ച് ഒഴിഞ്ഞുമാറുകയാണ്. ഈയൊരു സാഹചര്യം ഒഴിവാക്കാനാണ് പ്രോത്സാഹന പാരിതോഷികം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
അപകടത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവർക്ക് യാതൊരു നിയമക്കുരുക്കുകളും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അനൂജ് പലിവാള്‍, അസി.പൊലീസ് കമ്മിഷണർ( ട്രാഫിക്) എ.ജെ.ജോണ്‍സണ്‍, ലയണ്‍സ് ക്ലബ് (കാലിക്കറ്റ് ഈസ്റ്റ്) പ്രസിഡന്റ് ലയണ്‍ ടിജി ബാലൻ, ലയണ്‍സ് ഡിസ്ട്രിക്‌ട് ഗവർണർ ടി.കെ.രജീഷ്, ഇ.അനിരുദ്ധൻ, കെ.മുരളീധരൻ, കെ.പ്രേംകുമാർ, കെ.കെ.ശെല്‍വരാജ് എന്നിവർ പങ്കെടുത്തു.



