
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നേരിടുന്ന രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരമുണ്ടാക്കുക, സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി കാര്യക്ഷമമാക്കുക, കർഷകരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കർഷകസംഘം മുതുകാട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിനു മുന്നില്‍ സമരം നടത്തി.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുനില്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ നഷ്ട പരിഹാര തുക വിതരണത്തില്‍ പക്ഷപാതിത്വം കാണിക്കുന്നതായി പ്രസിഡന്‍റ് ആരോപിച്ചു. തൂക്കുവേലി നിർമാണത്തില്‍ വനംവകുപ്പ് പുലർത്തുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും കൃഷി നശിച്ച കർഷകർക്ക് സമയ ബന്ധിതമായി നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
കർഷക സംഘം മേഖലാ പ്രസിഡന്‍റ് ഇ.എ. ജെയിംസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സി.കെ. ശശി, എം. എം. പ്രദീപൻ, കർഷക സംഘം ഏരിയ സെക്രട്ടറി പി.പി. രഘുനാഥ്, സിപിഎം മുതുകാട് ലോക്കല്‍ സെക്രട്ടറി പി.സി. സുരാജൻ, കെ.പി. ചന്ദ്രൻ, ഫ്രാൻസിസ് കിഴക്കരക്കാട്ട്, ടി.കെ. ഗോപാലൻ, സുജി മാത്യു, പ്രദീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അനിശ്ചിതകാല ഉപരോധ സമരമാണ് പ്രഖ്യാപിച്ചതെങ്കിലും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അധ്യക്ഷതയില്‍ റെയിഞ്ച് ഓഫീസറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ സമരം താല്‍ക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു. പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കാമെന്ന് റെയിഞ്ച് ഓഫീസർ പറഞ്ഞു.
ഏപ്രില്‍ നാലാം തീയതിക്കുള്ളില്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റും ഉദ്യോഗസ്ഥന്മാരുമായി ചേർന്ന് പ്രശ്നത്തിന് പരിഹാരം കാണാമെന്നും, രേഖകള്‍ കൈമാറിയ ഭൂമിയുടെ വില എത്രയും പെട്ടെന്ന് നല്‍കാമെന്നും, ഹാംഗിംഗ് ഫെൻസിംഗ് പ്രവൃത്തി കാലതാമസം കൂടാതെ തുടങ്ങാനും ധാരണയായി.



