
പരേതയുടെ തിരിച്ചറിവ്….
ലിസി മരിച്ചു.. വെള്ള തുണികൊണ്ട് പുതച്ച് ചില്ല് കൂട്ടിൽ കിടത്തിയിരിക്കുന്ന അവൾക്ക് എല്ലാവരെയും കാണാമായിരുന്നു.. മറ്റുള്ളവർ പറയുന്നതെല്ലാം അവൾക്ക് കേൾക്കാമായിരുന്നു.. രാവിലെ എഴുന്നേറ്റ് കുളിക്കാനായി ബാത്റൂമിൽ കയറുന്നതിനു മുമ്പ് സോപ്പും തോർത്ത് മുണ്ടും എടുത്ത് കൊടുക്കണം കുളികഴിഞ്ഞ ഉടനെ അര ഗ്ലാസ് കട്ടൻ ചായ, ഷർട്ടും പാന്റും നേരത്തെ അലക്കി തേച്ച് മടക്കിവെച്ചട്ടുണ്ടാവും, എട്ടു മണിയോടുകൂടി ബ്രേക്ക് ഫാസ്റ്റ്.. ജോലിക്ക് ( കടയിൽ) പോയി രണ്ടു മണിയോടുകൂടി വീട്ടിൽ വന്നയുടനെ ഊണ് വിളമ്പണം. ഊണിന് ശേഷം ഒന്ന് മയങ്ങി മൂന്നരയോടെ അര ഗ്ലാസ് കട്ടൻ ചായ കുടിച്ചിട്ടാണ് വീണ്ടും കടയിലേക്ക് പോകുന്നത്.
ഒൻപത് മണിയോടുകൂടി കടയടച്ച് വീട്ടിൽ വരും, എന്തിനും ഏതിനും തന്നെ ആശ്രയിച്ചിരുന്ന തന്റെ ഭർത്താവ് അലക്സ്, തന്റെ ശവമഞ്ചലിന് അടുത്തിരുന്ന് തന്നെ നോക്കി സങ്കടപ്പെടുന്നത് കണ്ട് “താൻ ഇല്ലാതെ തന്റെ ഭർത്താവ് ഇനി എങ്ങനെ ജീവിക്കും” എന്നോർത്ത് അവൾക്കും സങ്കടം തോന്നി.. പഠനം കഴിഞ്ഞ് വിദേശത്തു പോകാൻ തയ്യാറെടുത്തിരിക്കുന്ന മൂത്തമകൻ അലനും ഡിഗ്രി ലാസ്റ്റ് ഇയറിന് പഠിക്കുന്ന അൽവിനും അവളെ നോക്കി കരഞ്ഞു കൊണ്ടിരിക്കുന്നതും അവൾക്ക് കാണാമായിരുന്നു.. “അതിരാവിലെ എഴുന്നേറ്റ് ബ്രേക്ക്ഫാസ്റ്റ് പാകം ചെയ്ത്, ഷർട്ടും പാന്റും ഇസ്ത്തിരിയിട്ട് , ഏഴു മണിയുടെ ബസ്സിന് കോളേജിൽ പോകേണ്ട മക്കളെ അഞ്ചര മുതൽ വിളിക്കാൻ തുടങ്ങണം”..”ആറേക്കാലോടുകൂടി തട്ടിപ്പിടച്ച് കട്ടിലിൽനിന്ന് എഴുന്നേൽക്കുന്ന അവർക്ക് വേണ്ട സോപ്പും ചീപ്പും അങ്ങിനെയെല്ലാം താൻ ഒരുക്കി കൊടുക്കണം”..”ഉച്ചയൂണ് കോളേജ് കാന്റീനിൽ നിന്ന് കഴിക്കും”..”നാലര അഞ്ചുമണിയോടെ തിരിച്ചെത്തുന്ന അവർക്ക്, ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ടാകും , അതിനുവേണ്ടത് ഒരുക്കിവെക്കണം”..”അവരിട്ടിരിക്കുന്ന പാന്റും ഷർട്ടും ജെട്ടിയും അവർക്ക് തോന്നുന്നിടത്ത് പലയിടങ്ങളിലായിട്ടാണ് അഴിച്ചിടാറ്. വന്ന ഉടനെ മൊബൈൽ ഫോണും കൊണ്ട് കളിക്കുന്ന അവർക്ക് ഭക്ഷണം വിളമ്പി വച്ചാലും അത് കഴിക്കാനായി പലയാവർത്തി വിളിക്കണം. ഒരു ബെഡ്ഷീറ്റ് വിരിക്കാനോ തലയണയുടെ കവർ ഇടാനോ താൻ തന്നെ വേണം”..താനില്ലാതെ ഇനി തന്റെ മക്കൾ കഷ്ടപ്പെടുമല്ലോ എന്നോർത്ത് അവൾ ഒരുപാട് ദുഃഖിച്ചു.. “അലക്സിന്റെ അച്ഛനും അമ്മയും, എന്തൊരു കാര്യത്തിനും താൻ തന്നെ വേണം, അവരിനി എന്ത് ചെയ്യും?”..അവൾ ആകുലതപ്പെട്ടു..
തന്നെ കുടുംബ കല്ലറയിൽ വെക്കുന്നതും സ്ലാബുകൾ ഇട്ട് മൂടുന്നതും പ്രാർത്ഥനാ കർമ്മങ്ങളും മറ്റും നടക്കുന്നതും തന്റെ വേണ്ടപ്പെട്ടവർ സങ്കടപ്പെടുന്നതും അവരെല്ലാം പിരിഞ്ഞു പോകുന്നതും അവൾ അറിയുന്നുണ്ടായിരുന്നു.. വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ അലക്സിന്റെ വല്യമ്മച്ചിയും വല്യപ്പച്ചനും അവിടെ ലിസിക്ക് കൂട്ടായി ആ കല്ലറയിലുണ്ടായിരുന്നു.. അലക്സിന്റെയും ലിസിയുടെയും വിവാഹം കഴിഞ്ഞ് നാലോ അഞ്ചോ വർഷങ്ങൾക്ക് ശേഷമാണ് വല്യപ്പച്ചൻ മരിച്ചത്, രണ്ടുവർഷങ്ങൾക്ക് ശേഷം വല്യമ്മച്ചിയും.. അവരോടും അവൾ തന്റെ ഭർത്താവും കുട്ടികളും താനില്ലാതെ എങ്ങനെ ജീവിക്കും എന്ന് സങ്കടം പറഞ്ഞു. ശവസംസ്കാരം കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ഭർത്താവും മക്കളും കൂടി അവളുടെ കുഴിമാടത്തിൽ ചെന്നു.. അവരുടെ സങ്കടങ്ങളും ദുഃഖങ്ങളും ഏറെക്കുറെ മാറിയതായി അവൾക്ക് തോന്നി. അതിലവൾ സന്തോഷിക്കുകയും ചെയ്തു.. പിന്നീട് നൽപ്പത്തിയൊന്നിന് എല്ലാവരും വന്ന് പ്രാർത്ഥനാ കർമ്മങ്ങളും മറ്റും ചെയ്തു തിരിച്ചുപോയി..
എട്ടൊമ്പത് മാസങ്ങൾക്ക് ശേഷം മൂത്തമകൻ അലൻ യുകെയിൽ പോകുന്നത് പറയാനായി വന്നിരുന്നു.. അവനൊരുപാട് സന്തോഷവാനായി തോന്നി. അവന്റെ ചിരകാല അഭിലാഷമായിരുന്നു അത്.. അലക്സും അൽവിനും മറ്റു ബന്ധുക്കളും കൂടി ഒരു വർഷം തികഞ്ഞപ്പോൾ, ഓർമ്മ നാളിൽ, അച്ഛനെയും കൂട്ടി വന്ന് തനിക്കുവേണ്ടി പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ അലക്സിന്റെയും ആൽവിന്റേയും മനസ്സിൽ താൻ നേർത്ത ഒരു ഓർമ്മ മാത്രമായതായി അവൾക്ക് തോന്നി.. ദിവസങ്ങളും മാസങ്ങളും പിന്നെയും കടന്നുപോയി.. ലിസിയുടെ അയൽവാസിയായിരുന്ന കത്രീനാമ്മയെ ലിസിയുടെ കുഴിമാടത്തിന് അരികിൽ മറ്റൊരു കല്ലറയിൽ സംസ്കരിച്ചു.. അലക്സും ആൽവിനും അവരുടെ കൂടെ വന്നിരുന്നു.. അവർ കത്രീനമ്മയ്ക്ക് ഉപചാരമർപ്പിച്ച്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ ഓർമ്മ നാളിൽ വന്നതു കൊണ്ടാവാം, എങ്കിലും അവളെ ശരിയായി ഗൗനിക്കാഞ്ഞത് അവളെ തെല്ലൊന്ന് സങ്കടപ്പെടുത്തി..
ലിസിയുടെ അടുത്തടുത്ത കുഴിമാടങ്ങളിലുള്ള പരേതരെല്ലാം സങ്കടങ്ങളും ദുഃഖങ്ങളും നഷ്ടങ്ങളും പറഞ്ഞ് സങ്കടപ്പെട്ടുകൊണ്ടിരിക്കുന്ന ഇടത്തേക്കാണ്, ഏറ്റവും സന്തോഷവതിയായി എൺപത്തിയൊന്ന് കാരിയായ കത്രീനമ്മ കടന്ന് വരുന്നത്.. അവരുടെ പൂർവികരോടും ഭർത്താവിനോടും മുമ്പ് മരിച്ച മറ്റ് ബന്ധുക്കളോടും കുശലം പറഞ്ഞതിനുശേഷം കത്രീനാമ്മയുടെ ആത്മാവ് വേളിയിൽ ശവക്കല്ലറകൾക്ക് ചുറ്റും കൂടിയിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുന്ന മറ്റ് ആത്മാക്കളുടെ അടുത്തേക്ക് പോയി.ലിസിയെ കണ്ടയുടനെ അവര് ചിരിച്ചുകൊണ്ട് പറഞ്ഞു..”എടിയേ, നിന്റെ കെട്ടിയോൻ അലക്സ്, മറ്റൊരു വിവാഹത്തിന് വേണ്ടി പത്രത്തിൽ പരസ്യം കൊടുത്തിട്ടുണ്ടല്ലോ”.. കത്രീനാമ്മയുടെ പെട്ടെന്നുള്ള സംസാരം കേട്ടപ്പോൾ ലിസി വല്ലാണ്ടായി.. അവൾ കുറച്ചുനേരത്തേക്ക് ഒന്നും സംസാരിച്ചില്ല.. അവളുടെ മനസ്സാകെ അസ്വസ്ഥമായി.. തന്റെ ഭർത്താവ് വീണ്ടും ഒരു വിവാഹം കഴിച്ച് സുഖമായി ജീവിക്കണമെന്ന് അവൾ ആഗ്രഹിച്ചിരുന്നെങ്കിലും, ഇത്ര പെട്ടെന്ന് തന്റെ ഭർത്താവിന്റെ മറ്റൊരു വിവാഹം?..അവൾക്കെന്തോ സങ്കടം തോന്നി.. ലിസിയോട് അങ്ങനെ പറഞ്ഞത് അവൾക്ക് വിഷമമായി എന്ന് മനസ്സിലാക്കിയിട്ടാവണം, കത്രീനാമ്മ മറ്റുള്ളവരെ പരിചയപ്പെടുകയും സ്വയം പരിചയപ്പെടുത്തുകയും മുമ്പ് പരിചയമുള്ളവരോട് കുശലം പറയുകയും ചെയ്തുകൊണ്ടിരുന്നു..”എന്റെ അലക്സിനും മക്കൾക്കും മമ്മയ്ക്കും ചാച്ചനുമൊക്കെ സുഖമല്ലേ?” അറിയാനുള്ള ആകാംക്ഷ അടക്കിവെക്കാനാകാതെ ലിസി കത്രീനാമ്മയോട് ചോദിച്ചു..”ഹോ, അവരൊക്കെ സുഖമായിരിക്കുന്നു കൊച്ചേ”..”നീ മരിച്ച് ഒരാഴ്ച തികയും മുമ്പേ തെക്കേതിലെ മേരിക്കുട്ടിയെ ജോലിക്ക് വെച്ചു”.. ലിസി വീണ്ടും വല്ലാണ്ടായി,അവളോർത്തു..
തനിക്ക് പനി വന്നപ്പോഴും, ഊര വേദന വന്നപ്പോഴും, അസഹനീയമായ വയറുവേദനയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന തന്റെ ആർത്തവ സമയത്തും ആ മേരിക്കുട്ടിയെ ഒന്ന് രണ്ട് ദിവസത്തേക്കെങ്കിലും ജോലിക്ക് വിളിക്കാൻ താൻ പറഞ്ഞിട്ടുണ്ട്. തന്റെ ഭർത്താവും മമ്മയും ചാച്ചനും ഓരോന്ന് പറഞ്ഞ് അതിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്ത്.. പലപ്രാവശ്യങ്ങളായി അതിനെപ്പറ്റി പറഞ്ഞപ്പോഴും അവരത് നിസ്സാരമായി എടുത്തു. തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടിയല്ലേ എന്ന് കരുതി അവൾ അവളുടെ വേദനകളും വിഷമങ്ങളും സഹിച്ചു..പിന്നീടൊരിക്കലും അവൾ അതിനെപ്പറ്റി പറഞ്ഞിട്ടുമില്ല..”എന്നിട്ടിപ്പോൾ താൻ മരിച്ചയുടനെ മേരിക്കുട്ടിയെ ജോലിക്ക് നിർത്തിയിരിക്കുന്നു”.. “ഞാനില്ലാതെ അവരെങ്ങനെ ജീവിക്കും?” എന്ന ചിന്തയ്ക്ക് വലിയ അർത്ഥമൊന്നുമില്ല എന്ന് ലിസിക്ക് തോന്നിത്തുടങ്ങി.. അവൾ കത്രീനമ്മയോട് കൂടുതൽ നേരം സംസാരിച്ചു..
സന്തോഷവതിയായി ജീവിച്ച് മരിച്ച കത്രിനാമ്മ ഒരു അധ്യാപികയായിരുന്നു.. അവരുടെ സംസാരം കേൾക്കാൻ, അവരോട് സംസാരിക്കാൻ ആഗ്രഹങ്ങളൊക്കെ ബാക്കിയാക്കി അല്ലെങ്കിൽ പിന്നെയാക്കാം എന്ന് കരുതി മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിച്ച് ഒരാഗ്രഹവും സാധിക്കാതെ മരിച്ച് നഷ്ടബോധവും കുറ്റബോധവും പേറി നടക്കുന്ന ലിസിയെ പോലെയുള്ള ഒരുപാട് ആത്മാക്കൾ അവിടെ ഉണ്ടായിരുന്നു.. അവര് ലിസിയോടായി പറഞ്ഞുതുടങ്ങി.. “എടി കൊച്ചേ, നിന്നെപ്പോലെയുള്ള ഒരുപാട് ആളുകളുണ്ട്, മറ്റുള്ളവരുടെ ആവശ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും വേണ്ടി മാത്രം ജീവിച്ച് സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളും മനസ്സിലിട്ട് കുഴിച്ച് മൂടി മറ്റാർക്കോ വേണ്ടി ജീവിച്ചവർ”..”വേണ്ടപ്പെട്ടവരേ സ്നേഹിക്കേണ്ട അവർക്ക് വേണ്ടി ഒന്നും ചെയ്യേണ്ട എന്നൊന്നുമല്ല ഞാൻ പറയുന്നത്. അതിന്റെ കൂടെ നിങ്ങളുടെ ആഗ്രഹത്തിനും ഇഷ്ടത്തിനും കൂടി പരിഗണന കൊടുക്കേണ്ടിയിരുന്നു”..”വളരെ ചെറിയ ഒരു കാര്യത്തിനാണെങ്കിൽ പോലും നിങ്ങളുടെ ഭർത്താക്കന്മാരും മക്കളും മറ്റുള്ളവരും നിങ്ങൾ ചെയ്യുമല്ലോ എന്നോർത്ത് അതിന് കാത്തിരിക്കുന്നു”..”അതൊരു പരിധിവരെ അവരുടെ തെറ്റല്ല, നിങ്ങൾ അവരെ ശീലിപ്പിച്ചതാണ്”..”കൊച്ചുങ്ങൾ ബാല്യം വിട്ട് കൗമാരത്തിലേക്ക് കയറുമ്പോളെങ്കിലും അവരുടെ കാര്യങ്ങൾ സ്വയം ചെയ്യാൻ അവർ പ്രാപ്തരായിരിക്കണം, അത് നിങ്ങൾ അവരെ ശീലിപ്പിക്കണമായിരുന്നു”..”എല്ലാ പ്രശ്നങ്ങളും കഴിഞ്ഞിട്ട് സ്വന്തം ആഗ്രഹത്തിനും ഇഷ്ടത്തിനും ജീവിക്കാം എന്ന മൂഢ സ്വർഗത്തിലായിരുന്നു നീയും നിന്നെപ്പോലുള്ള ആളുകളും ജീവിച്ചത്”.. കത്രീനാമ്മ എല്ലാരോടുമായി പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..
തന്നെ വളരെ അടുത്തറിയാവുന്ന കത്രീനാമ്മ പറഞ്ഞത്, മറ്റുള്ളവരെയും ചേർത്തിട്ടാണെങ്കിലും, തന്റെ മാത്രം ജീവിതം പറയുന്നതായിട്ടാണ് ലിസിക്ക് തോന്നിയത്.. ഒരു സിനിമയ്ക്കോ ഷോപ്പിങ്ങിനോ ബന്ധുവീട് സന്ദർശനത്തിനോ അങ്ങനെ തനിക്ക് ഇഷ്ടപ്പെട്ട പലതും മാറ്റിവെച്ച് മറ്റുള്ളവരുടെ ആവശ്യങ്ങൾക്കും ഇഷ്ടത്തിനും മുൻഗണന കൊടുത്തത് തെറ്റായിപ്പോയെന്ന് ലിസി ചിന്തിച്ചു.. ഇരുപതും ഇരുപത്തിരണ്ടും വയസ്സുള്ള തന്റെ മക്കളെ, അവരുടെ അടിവസ്ത്രമെങ്കിലും കഴുകിവെക്കാൻ പ്രാപ്തരാക്കാത്തത് തന്റെ കുറവായി ലിസിക്ക് തോന്നി.. താൻ ഒരുപാട് സ്നേഹിച്ചിരുന്ന തന്റെ ഭർത്താവ് അദ്ദേഹത്തിന്റെ സുഖങ്ങളും ഇഷ്ടങ്ങളും എപ്പോഴും നിലനിർത്തിയിരുന്നു. മക്കളും അങ്ങനെ തന്നെ ആയിരുന്നു.. പക്ഷേ താനോ?,…തന്റെ ഇഷ്ടങ്ങളെല്ലാം തന്റെ വേണ്ടപ്പെട്ടവർക്ക് വേണ്ടി മാറ്റിവെച്ചു..കത്രിനമ്മ പറഞ്ഞതുപോലെ അമ്പതാം വയസ്സിൽ മരിച്ചത് നന്നായി.. അല്ലെങ്കിൽ താനിപ്പോഴും അവരുടെയൊക്കെ ഒരു വാല്യക്കാരിയായി ജീവിക്കേണ്ടിയിരുന്നു..സ്വയം സന്തോഷിക്കാതെ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?… ലിസി പിന്നെയും നഷ്ടങ്ങളുടെ ഭണ്ഡാരം തുറന്ന് ഓരോന്നോരോന്ന് പുറത്തെടുത്ത് കൊണ്ടിരുന്നു….. കഥയിൽ സൂചിപ്പിച്ചിരിക്കുന്ന പേരുകൾ സാങ്കൽപ്പികം മാത്രം Sidhique Patta….



