
കോഴിക്കോട്:റോഡുകളിൽ എഐ കാമറകൾ സ്ഥാപിച്ച് ഒരുവര്‍ഷം പിന്നിടുമ്പോൾ ജില്ലയിൽ കണ്ടെത്തിയത് 6,41,700 ഗതാഗത നിയമലംഘനം. വിവിധയിടങ്ങളിൽ സ്ഥാപിച്ച 63 കാമറയിൽനിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് ലംഘനം കണ്ടെത്തിയത്. 2023 ജൂൺ മുതൽ 2024 ജൂലൈ ഒമ്പതുവരെ 11.70 കോടി രൂപ പിഴയിനത്തിൽ ഈടാക്കി. നിയമലംഘനങ്ങളുടെ 30 ശതമാനത്തോളം മാത്രമാണിത്. നോട്ടീസ് കൈപ്പറ്റിയവർ പിഴ ഒടുക്കാൻ എത്തുന്നത് കുറവാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, കാമറ വന്നതോടെ നിയമലംഘനങ്ങളില്‍ കുറവ് വന്നിട്ടുണ്ട്. 2023 ജൂണില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 24,531 നോട്ടീസ് അയച്ചത് 2024 ജൂണില്‍ 12,592 ആയി കുറഞ്ഞു. വിവിധ നിയമലംഘനങ്ങളുടെ 2023 ജൂണിലെ കണക്ക്. ബ്രാക്കറ്റില്‍ 2024ലെ കണക്ക്: സീറ്റ് ബെല്‍റ്റ് 9,693 (7343), ട്രിപ്പിള്‍ റൈഡ് 566 (30), മൊബൈല്‍ സംസാരം 279 (0). ബൈക്ക് യാത്രികർ ഹെൽമറ്റ് വയ്‌ക്കാത്തത്, പിൻസീറ്റ് യാത്രക്കാർ ഹെൽമറ്റ് ഇല്ലാത്തത്, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കൽ, ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് ഇല്ലാത്തത്, സഹയാത്രികർക്ക് സീറ്റ് ബെൽറ്റ് ഇല്ലാത്തത്, അമിതവേഗം തുടങ്ങിയ ലംഘനങ്ങളാണ് എഐ കാമറ കണ്ടെത്തുന്നത്. നോട്ടീസ് കൈപ്പറ്റിയവര്‍ ഓൺലൈനായും ചേവായൂരിലെ ഓഫീസിലെത്തിയും പണമടയ്‌ക്കുന്നുണ്ട്. എഐ കാമറയ്ക്ക് പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ സ്‌ക്വാഡും പരിശോധന നടത്തുന്നു. ഈ പരിശോധനയിലാണ് ഇന്‍ഷുറൻസ്, മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത്, എയര്‍ഹോണ്‍, ഓവര്‍ ലോഡ്, മോഡിഫിക്കേഷന്‍ തുടങ്ങിയവ കണ്ടെത്തുന്നത്. 63 കാമറകളില്‍ 62ഉം പ്രവര്‍ത്തനക്ഷമമാണ്. കോഴിക്കോട് ബീച്ചിലേത് സാങ്കേതിക തകരാര്‍മൂലം പ്രവര്‍ത്തിക്കുന്നില്ല. കാമറ കണ്ടെത്തുന്ന നിയമലംഘനം ചേവായൂരിലെ കൺട്രോൾ റൂമിൽ ഉദ്യോഗസ്ഥസംഘമിരുന്ന് പരിശോധിച്ചശേഷമാണ് നോട്ടീസ് തയ്യാറാക്കുന്നത്. നിയമലംഘനത്തിന്റെ സാങ്കേതിക വശങ്ങൾ, നമ്പർ പ്ലേറ്റ് മങ്ങുന്ന പ്രശ്നം തുടങ്ങിയവ പരിശോധിക്കും. ഇതിൽ സംശയമുള്ളവ മാറ്റിവയ്‌ക്കും. ജൂലൈ ഏഴുവരെയുള്ള നോട്ടീസുകള്‍ അയച്ചു. എഐ കാമറകൾ സ്ഥാപിച്ചതോടെ സംസ്ഥാനത്ത് വാഹനാപകട മരണങ്ങളും കുറഞ്ഞുവെന്ന പൊലീസിന്റെ കണക്കുകൾ നേരത്തേ പുറത്തുവന്നിരുന്നു. ലംഘനം ആവര്‍ത്തിച്ചാല്‍ ഇരട്ടിപ്പിഴ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ വാഹന ഉടമ വീണ്ടും ആവര്‍ത്തിച്ചാല്‍ ഇരട്ടിപ്പിഴ ഈടാക്കും. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് നോട്ടീസ് ലഭിച്ച് വീണ്ടും ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും. (ഹെല്‍മറ്റ് ധരിക്കാത്തതിന് 2000 രൂപയാണ് പിഴ)



