
കോഴിക്കോട് : കോട്ടപ്പറമ്പ് റോഡിലെ ഇലക്ട്രിക് കടകളിൽ മോഷണംനടത്തിയ അന്തഃസംസ്ഥാന മോഷ്ടാവ് കസബ പോലീസിന്‍റെ പിടിയിൽ. കൊടുവള്ളി കളരാന്തിരി സക്കറിയ(റഷീദ്-41)യെയാണ് സൈബർസെല്ലിന്‍റെ സഹായത്തോടെ സുൽത്താൻബത്തേരിയിൽനിന്ന് വ്യാഴാഴ്ച ഉച്ചയോടെ പിടികൂടിയത്.ബുധനാഴ്ച പുലർച്ചെയാണ് മൂന്ന് ഇലക്ട്രിക് കടകൾ കുത്തിത്തുറന്ന് 43,000 രൂപയും 12,000 രൂപ വിലവരുന്ന മെൈബൽ ഫോണും മോഷ്ടിച്ചത്.സക്കറിയയുടെപേരിൽ പിടിച്ചുപറി, മോഷണം എന്നിവയ്ക്കായി 110-ഓളം കേസുകളുണ്ടെന്ന് കസബ പോലീസ് പറഞ്ഞു.
ഫെഡ്എക്സ് ഇലക്ട്രിക്കൽസ്, ഈസ്റ്റ് കോട്ടപ്പറമ്പ് റോഡിലെ രാജേശ്വർ കേബിൾ ആൻഡ് ഇലക്ട്രിക്കൽ, ലഗാരോ ഇന്റർനാഷണൽ എന്നിവിടങ്ങളിലാണ് മോഷണംനടത്തിയത്. കടയുടമകൾ നൽകിയ പരാതിയിലാണ് കസബ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ബുധനാഴ്ച രാവിലെ നഗരത്തിലെ സി.സി.ടി.വി.യും പോലീസ് ശേഖരിച്ചിരുന്നു. കസബ എസ്.ഐ. ജഗ്‌മോഹൻ ദത്തൻ, എസ്.സി.പി.ഒ.മാരായ സുധർമൻ, സജേഷ്, ക്രൈംസ്ക്വാഡ് അംഗങ്ങളായ എസ്.സി.പി.ഒ.മാരായ ഷാലു, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



