
തിരുവമ്പാടി:പേൾ ഹാർബറിലെ കൊടും ചതിയിൽ തങ്ങൾക്കേറ്റ കടുത്ത പ്രഹരത്തിന്റെ കൊടും വേദനയും അഭിമാനക്ഷതവും അമേരിക്കയുടെ ഉള്ളിൽ കടുത്ത പ്രകാരവാഞ്ജയായി നീറിപ്പുകഞ്ഞ് ഒടുവിൽ ആണവ തീജ്വാലയായി ഹിരോഷിമയിലും നാഗസാക്കിയിലും പെയ്തിറങ്ങി, മാനവ ചരിത്രത്തിലെ മാറാക്കളങ്കമായി മാറിയതിന്റെ വിങ്ങുന്ന ഓർമ്മകൾ ലോകമെങ്ങുമുള്ള മനുഷ്യരാശിയോടൊപ്പം – ഹിരോഷിമ ദിനമായി, പുന്നക്കൽ എംഎഎം പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളെ ചേര്‍ത്ത് പിടിച്ച് റോട്ടറി മിസ്റ്റിമെഡോസ് തിരുവമ്പാടിയും സമുചിതമായി ആചരിച്ചു.
ഭരണകർത്താക്കളുടെ അധികാര പ്രമത്തതകളും പരസ്പര വിദ്വേഷങ്ങളും പ്രതികാരവാഞ്ജകളും മൂലമുണ്ടാകുന്ന ഓരോ യുദ്ധങ്ങളും മറ്റ് പോരാട്ടങ്ങളും വഴി സംഭവിക്കുന്ന ദുഷ്ഫലങ്ങൾക്ക് എന്നും ഇരകളായി മാറുന്നത് സാധാരണക്കാരായ പൊതുജനങ്ങളാണ് എന്ന സത്യം ലോക സമൂഹത്തോടും, പ്രത്യേകിച്ച് വളർന്നുവരുന്ന തലമുറയോടും വീണ്ടും വീണ്ടും വിളിച്ചുപറയുകയാണ് ഈ ദിനാചരണത്തിലൂടെ ചെയ്യുന്നത്.ഈ ലക്ഷ്യത്തോടെ എംഎഎം എൽപി, യുപി സകൂൾ വിദ്യാര്‍ത്ഥികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിക്കുകയും മികച്ച സൃഷ്ടികൾക്ക് ക്യാഷ് പ്രൈസ് നൽകുകയും ചെയ്തു.
ആകാശത്തേക്ക് തൂവെള്ള ബലൂൺ പറത്തിവിട്ടുകൊണ്ട് ദിനാചരണച്ചടങ്ങുകളും തുടർന്ന് ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സമാധാനത്തിനായൊരു കയ്യൊപ്പ്’ എന്ന ഒപ്പ് ശേഖരണ പരിപാടിയും തിരുവമ്പാടി പഞ്ചായത്ത് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സഡാക്കോ കൊക്ക് കൊണ്ട് സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച സഡാക്കോ പാർക്ക് വിശിഷ്ടാഥികൾ സന്ദർശിച്ചു. സഡാക്കോ കൊക്കുകൾ കൊണ്ട് സ്കൂൾ അങ്കണത്തിൽ തോരണം തൂക്കിയത് നയനാനന്ദകരമായിരുന്നു.റോട്ടറി മിസ്റ്റി മെഡോസ് പ്രസിഡന്റ് ഹാരിസ് പി റ്റി അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്ക് സമാധാന സന്ദേശം നൽകി.



