
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം മൈസൂർപ്പറ്റയിൽ വാക്കുതർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. മൈസൂർപ്പറ്റ സ്വദേശി ജയനാണ് (38) വെട്ടേറ്റത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും പ്രദേശവാസിയുമായ ‘അണ്ണാൻ കുഞ്ഞ്’ എന്ന സുഭാഷിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സുഭാഷിന്റെ നായയെ ജയൻ ഉപദ്രവിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ സുഭാഷ് ജയനെ വെട്ടുകയായിരുന്നു. തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റ ജയനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ്, തോട്ടുമുക്കത്ത് വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മുക്കം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിർമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലുള്ള സുഭാഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.



