LOCAL NEWS

അഞ്ചു ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കൊണ്ടോട്ടിയില്‍ കണ്ടെത്തി കൊടുവള്ളി കിഴക്കോത്ത് വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകന്‍ അന്നൂസ് റോഷനെ (21) മലപ്പുറം കൊണ്ടോട്ടിയില്‍നിന്നാണ് കണ്ടെത്തിയത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തുന്നത്. അന്നൂസ് റോഷനുമായി പിതാവ് ഫോണില്‍ സംസാരിച്ചു.

തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരു വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു. കൊണ്ടോട്ടി ബസ്റ്റാന്റില്‍നിന്നാണ് യുവാവിനെ കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പാണ് യുവാവിനെ സംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ക്കായി പോലീസ് ബുധനാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികള്‍ മലപ്പുറം ജില്ലയില്‍ ഉണ്ടെന്ന് പോലീസിന് കൃത്യമായി വിവരം ലഭിക്കുകയും പോലീസ് മലപ്പുറം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് യുവാവിനെ സംഘം ഉപേക്ഷിച്ചത്.

യുവാവിനെ കൊടുവള്ളി പോലീസിന് കൈമാറി. പോലീസ് ഉടന്‍ യുവാവുമായി കൊടുവളളിയില്‍ എത്തും. പ്രതികള്‍ ഒളിവിലായതിനാല്‍ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘംഅറിയിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് അന്നൂസ് റോഷനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കേസ് അന്വേഷിക്കുന്നതിനായി താമരശ്ശേരി ഡിവൈഎസ്പി സുശീര്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.

തട്ടിക്കൊണ്ടുപോകുന്നതിനായി എത്തിയ സംഘം ഉപയോഗിച്ച ബൈക്കിന്റെ ആര്‍സി ഉടമയെയും സുഹൃത്തിനെയും സംഘത്തിന് വീട് കാണിച്ചുകൊടുത്ത മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍, അനസ് എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അന്നൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. അജ്മലുമായി വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അജ്മലിന്റെ ഇളയസഹോദരനെ തട്ടിക്കൊണ്ടുപോകുന്നതിന് ഇടയാക്കിയത്. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ വന്ന സംഘം ഉപയോഗിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്നും വിദേശത്തുള്ള അജ്മല്‍ നേരത്തേ ആമ്പര്‍ ഗ്രീസ് (തിമിംഗില ഛര്‍ദി) കടത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com