‘ഓപ്പറേഷൻ സൈ-ഹണ്ട് 5.0’: സംസ്ഥാനവ്യാപക പരിശോധനയിൽ 50 പേർ അറസ്റ്റിൽ; 367 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കേരള പോലീസ് സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടത്തിയ ‘ഓപ്പറേഷൻ സൈ-ഹണ്ട് 5.0’ പരിശോധനയിൽ 50 പേർ അറസ്റ്റിലായി. സൈബർ കുറ്റവാളികളുടെ സാമ്പത്തിക സ്രോതസ്സുകളും തട്ടിപ്പിനായി ഉപയോഗിക്കുന്ന മ്യൂൾ (Mule) അക്കൗണ്ടുകളും കണ്ടെത്തി തടയുന്നതിന്റെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത്.
സംസ്ഥാനത്തുടനീളം നടന്ന 983 റെയ്ഡുകളിലായി 225 പേരെ പോലീസ് ചോദ്യം ചെയ്തു. വിവിധ പോലീസ് സ്റ്റേഷനുകളിലായി 367 കേസുകൾ രജിസ്റ്റർ ചെയ്യുകയും 178 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, 258 പേർക്ക് ബി.എൻ.എസ്.എസ് (BNSS) സെക്ഷൻ 35 പ്രകാരം നോട്ടീസ് നൽകി.
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലെ (NCRP) പരാതികളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും വിശകലനം ചെയ്താണ് പോലീസ് നടപടികൾ ഏകോപിപ്പിച്ചത്.
ചെക്ക്, എടിഎം എന്നിവ വഴി തട്ടിപ്പുപണം പിൻവലിക്കുന്ന 478 പേരെയും 661 മ്യൂൾ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടവരെയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
തട്ടിപ്പിൽ നേരിട്ട് പങ്കാളികളാകുന്നവർക്കൊപ്പം സാമ്പത്തിക ഇടപാടുകൾക്ക് സൗകര്യമൊരുക്കുന്നവരെയും ബാങ്ക് അക്കൗണ്ടുകൾ കൈമാറുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് സൈബർ കുറ്റകൃത്യങ്ങളെ പൂർണ്ണമായി ഇല്ലാതാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. വരും ദിവസങ്ങളിലും ഇത്തരം വിവരാധിഷ്ഠിതമായ പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്:
സംശയകരമായ സാമ്പത്തിക ഇടപാടുകളോ സൈബർ തട്ടിപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 1930 എന്ന ഹെൽപ് ലൈൻ നമ്പറിലോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴിയോ പരാതി നൽകാവുന്നതാണ്. അടുത്തുള്ള പോലീസ് സ്റ്റേഷനെയോ സൈബർ പോലീസ് സ്റ്റേഷനെയോ നേരിട്ടും സമീപിക്കാം.


