
കോടഞ്ചേരി: കുട്ടികൾ ഇന്ന് വൈകിട്ട് കോടഞ്ചേരി നിരന്നപാറ റോഡിന് സമീപത്തുള്ള തോട്ടിൽ കുളിക്കുന്നതിനും മീൻ പിടിക്കുന്നതിനും ആയി പോയിരുന്നു. ഈ സമയം പൊടുന്നനെ ശക്തമായ കാറ്റും മഴയും ഉണ്ടായി.
ശക്തമായ കാറ്റിനെ തുടർന്ന് തോടിന് സമീപത്തുനിന്ന തേക്കുമരം വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു. ഇതിനെ തുടർന്ന് വൈദ്യുതി ലൈൻ പൊട്ടി തോട്ടിൽ വീഴുകയും കുട്ടികൾക്ക് ഷോക്ക് ഏൽക്കുകയും ആയിരുന്നു. ലൈൻ ഓഫ് ചെയ്ത് കുട്ടികളെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോടഞ്ചേരി അങ്ങാടിയിൽ മീൻ കച്ചവടം നടത്തുന്ന ചന്ദ്രൻകുന്നേൽ ബിജുവിന്റെയും ഷീബയുടെയും മക്കളായ നിതിൻ ബിജു 14, ഐവിൻ ബിജു 11 എന്നീ കുട്ടികളാണ് മരിച്ചത്.നിധിൻ നെല്ലിപ്പോയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ നിന്നും 9 ലേക്കും,ഐവിൻ കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂളിൽ നിന്ന് യു പി സ്കൂളിലേക്കും ജയിച്ച കുട്ടികളാണ്.
മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



