
മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരത്ത് പ്രവർത്തിക്കുന്ന കുഴിമന്തിക്കടയിലെ മോഷണവുമായി ബന്ധപ്പെട്ട് യുവാവ് പൊലീസ് പിടിയിലായി. ഇടുക്കി കട്ടപ്പന സ്വദേശി പുളിക്കൽ അഭിഷേകിനെയാണ് (22) മുക്കം പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തത്. 25,000 രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. 2025 ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
നീലേശ്വരത്തെ ‘കുഴിമന്തി കടയിൽ പുതുതായി ജോലിക്ക് കയറിയതായിരുന്നു അഭിഷേക്. ജോലിയിൽ പ്രവേശിച്ച അന്നുതന്നെ കടയിലെ ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളും ഇയാൾ കവർന്നു. ഫോണുകൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട കടയുടമ മുക്കം പൊലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി വരികയുമായിരുന്നു. പ്രതിയുടെ ഒളിത്താവളം മനസ്സിലാക്കിയ പൊലീസ് സംഘം ഇടുക്കിയിൽ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.



