
മുക്കം: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹദ്‌വ്യക്തികളുടെ സ്മരണ പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുക്കം നഗരസഭ നടപ്പിലാക്കുന്ന ‘ഫ്രീഡം ഗലേറിയ’ പദ്ധതിക്ക് ആവേശകരമായ തുടക്കം. നഗരസഭയിലെ മുഴുവൻ വിദ്യാലയച്ചുമരുകളിലും സ്വാതന്ത്ര്യ സമരനായകരുടെ ഛായാചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനംമണാശ്ശേരി ഗവ.യു.പി സ്കൂളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നഗരസഭാ അധ്യക്ഷ അഡ്വ.കെ.പി. ചാന്ദ്നി നിർവ്വഹിച്ചു.2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും വരും ദിവസങ്ങളിൽ ഛായാചിത്രങ്ങൾ സ്ഥാപിക്കും.
വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മനീഷ ഉള്ളാട്ടില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ അബ്ദുള്‍ അസീസ് വാര്‍പ്പില്‍, ബിന്ദു. കെ.പി, കൗണ്‍സിലര്‍മാരായ ലീല പുല്‍പ്പറമ്പില്‍, റൈനിഷ് നീലാംബരി, രാജേഷ് പൊറ്റശ്ശേരി, മുന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സത്യനാരായണന്‍ മാസ്റ്റര്‍, ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ അന്‍സാര്‍, പി.ടി.എ വൈസ് പ്രസിഡന്‍റ് പ്രദീപ് വാഴക്കാട്ട്, എസ്.എം.സി ചെയര്‍മാന്‍ സവിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ബബിഷ കെ.പി സ്വാഗതവും പൊതുമരാമത്ത് ചെയര്‍പേഴ്സണ്‍ ഭവന വിനോദ്, നന്ദിയും പറഞ്ഞു.



