
മുക്കം: ഭാരതീയ ജനതാ പാർട്ടി മുക്കം മണ്ഡലം പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൺ അഭിയാന് തുടക്കമായി. പാർട്ടി പ്രവർത്തകർക്കായി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന രാഷ്ട്രീയം, പ്രത്യയശാസ്ത്രം, സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങൾ എന്നിവയിൽ വ്യക്തമായ പരിശീലനം നൽകുക എന്നതാണ് ഈ പഠനശിബിരം കൊണ്ട് ലക്ഷ്യമിടുന്നത്.ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡണ്ട് ടി. ദേവദാസ് പ്രശിക്ഷൺ അഭിയാൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭാരതത്തെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് നരേന്ദ്രമോദി സർക്കാറിൻ്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 2047-ഓടു കൂടി ഭാരതത്തെ ഒരു വികസിത രാജ്യമാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ലോകം നിയന്ത്രിക്കുന്ന ഡിജിറ്റൽ സാങ്കേതിക രംഗത്ത് ഇന്ത്യ ഇന്ന് ഒന്നാം ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും, ആഗോളതലത്തിൽ രാജ്യം വലിയ വികസന മുന്നേറ്റമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത ജനത ഭരണത്തിൻ്റെ യഥാർത്ഥ ഗുണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ട് കുതിക്കുകയാണ്.
അതേസമയം, മോദി ഭരണത്തിൽ രാജ്യം കൈവരിച്ച വികസന വസന്തം കണ്ടില്ലെന്ന് നടിച്ച് ജനങ്ങൾക്കിടയിൽ അപവാദ പ്രചാരണം നടത്തുന്ന പ്രതിപക്ഷത്തിൻ്റെ നിലപാട് രാജ്യവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മണ്ഡലം പ്രസിഡണ്ട് പി. എസ്. അഖിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ അംഗം ബബിത മനോജ്, ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി, ജില്ലാ വൈസ് പ്രസിഡണ്ട് ഷാൻ കട്ടിപ്പാറ, ജില്ലാ ട്രഷറർ സി. ടി. ജയപ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗം ജോസ് വാലുമണ്ണിൽ, ജില്ലാ സെൽ കോ-ഓർഡിനേറ്റർ ടി. ശ്രീനിവാസൻ, സംസ്ഥാന കൗൺസിൽ അംഗം ബാബു മൂലയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ജി. പ്രമോദ് കുമാർ സ്വാഗതവും കെ. എസ്. ജിതേഷ് നന്ദിയും രേഖപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ശിബിരം സമാപിക്കും.



