തിരുവമ്പാടിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും തിങ്കളാഴ്ച മുതൽ; പി.എം കിസാൻ പുതുക്കാൻ പ്രത്യേക ക്യാമ്പ്.

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് തല കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം ജൂൺ 29 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ പ്രവർത്തിക്കുന്ന ആഗ്രോ സർവീസ് സെന്ററാണ് വേദി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ബിജു എന്നാർമണ്ണിൽ അധ്യക്ഷത വഹിക്കും.കർഷകർക്കായി വിപുലമായ സൗകര്യങ്ങളാണ് ചന്തയിൽ ഒരുക്കിയിട്ടുള്ളത്.
പച്ചക്കറി വിത്തുകൾ പൂർണ്ണമായും സൗജന്യമായി വിതരണം ചെയ്യും. ഇതിനുപുറമെ വിവിധയിനം ഫലവർഗ തൈകൾ, തെങ്ങിൻ തൈകൾ, കമുകിൻ തൈകൾ, അലങ്കാര ചെടികൾ എന്നിവ വളരെ മിതമായ വിലയിൽ ഇവിടെ നിന്ന് വാങ്ങാം. പി.എം കിസാൻ ആനുകൂല്യങ്ങൾ പുതുക്കേണ്ടവർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്ക് ക്യാമ്പും ചന്തയോടൊപ്പം പ്രവർത്തിക്കുമെന്ന് തിരുവമ്പാടി കൃഷി ഓഫീസർ അറിയിച്ചു.



