
പുതുപ്പാടി:സംസ്ഥാന ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെയും ത്രിതല പഞ്ചായത്തിൻ്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ 12-ാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിനു മൂന്നോടിയായി കോഴിക്കോട് റോയൽ റണ്ണേഴ്‌സ് ക്ലബ് നടത്തിയ താമരശ്ശേരി ചുരം റോഡ് മൺസൂൺ റൺ കൂട്ടയോട്ടം അടിവാരത്ത് ജില്ല പഞ്ചായത്തംഗം രാജേഷ് ജോസ് ഫ്ലാഗ് ഓഫ് ചെയ്തു.
കേരള ടൂറിസം, കെ.എ.ടി.പി.എസ്, ഡി.ടി.പി.സി കോഴിക്കോട്, എൽ.എസ്.ജി.ഡി എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത് മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ ഭാഗമായാണ് ഇത്തവണത്തെ ചുരം റൺ സീസൺ 2 സംഘടിപ്പിച്ചത്.
മഴ നനഞ്ഞ ചുരം റോഡിലൂടെ, മഞ്ഞ് പുതച്ച മലനിരകൾക്ക് നടുവിലൂടെയുള്ള ഈ ഓട്ടം സാഹസികതയും പ്രകൃതി സൗന്ദര്യവും ഒരുമിക്കുന്ന അനുഭവമാണ്. കഴിഞ്ഞ സീസണിലെ വൻ വിജയത്തിന് ശേഷമാണ് രണ്ടാം പതിപ്പ് എത്തുന്നത്.
12-ാമത് മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിലായി നടക്കും. അതിന്റെ മുന്നോടിയായാണ് ചുരം റൺ സംഘടിപ്പിക്കുന്നത്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.



