മുക്കം നഗരസഭയിൽ ബഷീർ ദിനാചരണവും എഴുത്തുകാരെ ആദരിക്കലും സംഘടിപ്പിച്ചു

മുക്കം: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണ പുതുക്കിക്കൊണ്ട് മുക്കം നഗരസഭ സംഘടിപ്പിച്ച സർഗാദരം 2026 ഏറെ ശ്രദ്ധേയമായി. ബഷീർ ദിനാചരണത്തോടനുബന്ധിച്ച് നഗരസഭാ പരിധിയിൽ താമസിക്കുന്നതും പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ പ്രാദേശിക എഴുത്തുകാരെ ചടങ്ങിൽ വെച്ച് ആദരിച്ചു.മുക്കം വ്യാപാരി മന്ദിരത്തിൽ നടന്ന ചടങ്ങ് നഗരസഭാ അധ്യക്ഷ അഡ്വ കെ പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തിന് ബഷീർ നൽകിയ സംഭാവനകൾ കാലാതീതമാണെന്നും, പ്രാദേശിക പ്രതിഭകളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും നഗരസഭ എന്നും മുന്നിലുണ്ടാകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു.
നഗരസഭയുടെ വിവിധ ഡിവിഷനുകളിൽ നിന്നായി നോവൽ, കവിത, ചെറുകഥ, ജീവചരിത്രം തുടങ്ങിയ വിവിധ സാഹിത്യ ശാഖകളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച 36 എഴുത്തുകാരെയാണ് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചത്. മുക്കത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് മാറ്റുകൂട്ടുന്നതാണ് ഇത്തരം കൂട്ടായ്മകളെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രമുഖ സാഹിത്യകാരൻമാർ അഭിപ്രായപ്പെട്ടു.നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു കെ. പി, ഭവന വിനോദ്, റാഷിദ് കുന്നത്ത് കൗൺസിലർമാരായ ഷെരീഫ് വെണ്ണക്കോട്, ഗിരിജ വി, ജസീല, ബബിത മനോജ്, എഴുത്തുകാരായ എ വി സുധാകരൻ മാസ്റ്റർ, ഡോ. അബ്ദുൾ കരീം, കെ. ടി മഹമൂദ്, കെ ടി നജീബ്, വിഷ്ണു സി എസ്, ബാബുരാജൻ പുലപ്പാടി, ഹസ്സൻകോയ തുടങ്ങിയവർ സംസാരിച്ചു.



