
തിരുവമ്പാടി : പത്തുവർഷമായിട്ടും തിരുവമ്പാടി കെ.എസ്.ആർ.ടി.സി. ഗാരേജിന് മോചനമായില്ല. ഹൈസ്കൂൾ റോഡിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കുടുസു ഷെഡിലാണ് ഗാരേജ് പ്രവർത്തിക്കുന്നത്. ഇവിടേക്കുള്ള വഴിയാകട്ടെ മഴയിൽ തകർന്ന് വൻ കിടങ്ങായി മാറിയിരിക്കുകയാണ്.
ഈ ചെളിക്കുഴി താണ്ടിവേണം ബസുകൾക്ക് പോക്കുവരവ് നടത്താൻ. കെ.എസ്.ആർ.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്ററിലെ ജീവനക്കാരെ കൂട്ടമായി ഈയിടെ സ്ഥലമാറ്റിയെങ്കിലും ഗാരേജ് പ്രവർത്തനം ഭാഗികമായി പ്രവർത്തിക്കുന്നുണ്ട്. ദീർഘദൂര വാഹനങ്ങളടക്കം അറ്റകുറ്റപ്പണികൾക്കും മറ്റും ആശ്രയിക്കുന്ന ഗാരേജാണിത്. നഗരത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെ കറ്റിയാട് കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയ്ക്കായി സ്വന്തം സ്ഥലമുണ്ടെങ്കിലും ഡിപ്പോ നിർമാണ നടപടികൾ വൈകുകയാണ്.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പുതുക്കിയ ഭരണാനുമതി ലഭിച്ചിട്ട് രണ്ടരമാസമായെങ്കിലും നിർമാണ പ്രവൃത്തികളൊന്നും ആരംഭിക്കാനായില്ല. സബ് ഡിപ്പോ വരുന്നതോടെമാത്രമേ ഗാരേജിനും മോചനമാകൂ എന്ന അവസ്ഥയാണ്.
സബ് ഡിപ്പോ നടപടി വൈകുന്നു
-17 വർഷത്തെ ജോർജ് എം. തോമസ് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്ന് കോടി രൂപയാണ് തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ പ്രവൃത്തിക്കായി അനുവദിച്ചത്. ഭരണാനുമതി ലഭിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സോസൈറ്റിയെ നിർമാണച്ചുമതലയും ഏൽപ്പിച്ചിരുന്നു. എന്നാൽ കോടതി വ്യവഹാരങ്ങളുടെ ഭാഗമായി ഊരാളുങ്കൽ പ്രവൃത്തിയിൽനിന്ന് പിന്മാറി.
വീണ്ടും പുതുക്കിയ ഭരണാനുമതിക്ക് സമർപ്പിച്ചെങ്കിലും ഹെഡ് ഓഫ് അകൗണ്ട്, സ്ഥലം കൈമാറ്റം ഉൾപ്പെടെയുള്ള സാങ്കേതികപ്രശ്നങ്ങൾ വന്നു. ഗതാഗത വകുപ്പ് മന്ത്രിയുമായും കെ.എസ്.ആർ.ടി.സി. ഉന്നത ഉദ്യോഗസ്ഥരുമായുമെല്ലാം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിലവിൽ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടുണ്ടെന്ന് ലിന്റോ ജോസഫ് എം.എൽ.എ. പറഞ്ഞു.
കോഴിക്കോട് തദ്ദേശഭരണവകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർക്കാണ് നിർമാണച്ചുമതല. സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ ചെയ്യുന്നതോടെ പ്രവൃത്തി ആരംഭിക്കാനാകുമെന്നും എം.എൽ.എ. അറിയിച്ചു.



