ദേശസ്നേഹത്തിന്റെ നിറവിൽ ജിയുപിഎസ് ചെമ്പുകടവിൽ സ്വാതന്ത്ര്യദിനാഘോഷം.

കോടഞ്ചേരി: സ്വാതന്ത്ര്യത്തിന്റെ ഓർമ്മകളും ദേശസ്നേഹത്തിന്റെ ആവേശവും നിറച്ച് ജി.യു.പി.എസ്. ചെമ്പുകടവിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപകൻ സുരേഷ് തോമസ് ദേശീയപതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടത്തിയ സന്ദേശത്തിൽ രാജ്യസ്നേഹത്തിന്റെയും ദേശീയബോധത്തിന്റെയും മഹത്വം കുട്ടികൾക്ക് പകർന്നുനൽകി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾക്കായി വിവിധ മത്സരപരിപാടികളും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളുടെയും മത്സരങ്ങളുടെയും ഒരുക്കങ്ങളിലും നടത്തിപ്പിലും അധ്യാപകരുടെ സജീവമായ പങ്കാളിത്തം ശ്രദ്ധേയമായി.പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും മധുരം വിതരണം ചെയ്തു.പരിപാടിയുടെ വിജയത്തിനായി പി.ടി.എ., എം.പി.ടി.എ. അംഗങ്ങളും സജീവമായി പങ്കാളികളായി. നാട്ടുകാരും രക്ഷിതാക്കളും പരിപാടിയിൽ പങ്കുചേർന്ന് കുട്ടികൾക്ക് പ്രോത്സാഹനമേകി. പി.ടി.എ. പ്രസിഡന്റ് വിനോജ് ,സീനിയർ അസിസ്റ്റന്റ് അനീഷ് കെ. അബ്രഹാം എന്നിവർ നന്ദി രേഖപ്പെടുത്തി.



