മുക്കം ഹരിതകർമ്മ സേനാ ഗോഡൗണിൽ പെരുമ്പാമ്പ്: സ്നേക് റെസ്ക്യൂ വളണ്ടിയർ സാഹസികമായി പിടികൂടി.

മുക്കം: മുക്കം നഗരസഭയുടെ ഹരിതകർമ്മ സേനാ ഗോഡൗണിൽ ഭീതി പരത്തിയ പെരുമ്പാമ്പിനെ പിടികൂടി. കുറ്റിപ്പാല അങ്ങാടിക്ക് സമീപം പ്രവർത്തിക്കുന്ന ഗോഡൗണിൽ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. തരംതിരിക്കാനായി ശേഖരിച്ചുവെച്ച അജൈവ മാലിന്യങ്ങൾക്കിടയിലും കെട്ടിടത്തിന്റെ തറയിലുമുള്ള വിടവിലാണ് പാമ്പ് ഒളിച്ചിരുന്നത്. ജോലിയിലുണ്ടായിരുന്ന ഹരിതകർമ്മ സേനാ തൊഴിലാളികളാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് ജീവനക്കാർ സ്നേക് റെസ്ക്യൂ വളണ്ടിയർ ബാബു എള്ളങ്ങലിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ ബാബു അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കെട്ടിടത്തിന്റെ തറയിലെ വിടവിനുള്ളിൽ നിന്ന് പെരുമ്പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തത്. കൃത്യസമയത്ത് ബാബു എത്തി പാമ്പിനെ പിടികൂടിയതോടെയാണ് ഹരിതകർമ്മ സേനാംഗങ്ങൾക്കും നാട്ടുകാർക്കും ആശ്വാസമായത്. പിടികൂടിയ പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി
Title



