
കോഴിക്കോട് :ഓണാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഗതാഗതം സുഗമമാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു.
സൗജന്യ പാർക്കിങ് കേന്ദ്രങ്ങൾ
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സൗജന്യ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്:
കിഡ്സൺ കോർണർ ജംഗ്ഷൻ
ലയൺസ് പാർക്ക് ബീച്ച് ലയൺസ് പാർക്കിന് എതിർവശത്തെ ഇൻഡസ് ഗോ സ്ഥലം
ടാഗോർ സെന്റിനറി ഹാൾ ഗ്രൗണ്ട്
പാവമണി റോഡിലെ പബ്ലിക് ഹെൽത്ത് ലാബിന് പിന്നിലെ ഗ്രൗണ്ട്
കല്ലുത്താൻകടവ് ന്യൂ വെജിറ്റബിൾ മാർക്കറ്റ്
പോർട്ട് ബംഗ്ലാവ് ബീച്ച്
ഭട്ട് റോഡ് ബീച്ചിൽ ഉദയം ഹോമിന് സമീപമുള്ള ഗ്രൗണ്ട്
സൗത്ത് ബീച്ചിൽ പാരഗൺ ഹോട്ടലിന് സമീപമുള്ള എക്സിബിഷൻ ഗ്രൗണ്ട്
സൗത്ത് ബീച്ചിൽ സീ ക്വീൻ ഹോട്ടലിന് സമീപമുള്ള മാർക്കറ്റ്‌ഫെഡ് ഗ്രൗണ്ട്
ഗതാഗത നിയന്ത്രണങ്ങളും നിരോധനവും
വഴിതിരിച്ചുവിടൽ: വലിയ വാഹനങ്ങൾ വെങ്ങളം ജംഗ്ഷൻ, വെങ്ങാലി, വെസ്റ്റ്ഹിൽ ചുങ്കം, മീഞ്ചന്ത ജംഗ്ഷൻ, രാമനാട്ടുകര ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് വഴിതിരിച്ചുവിടും.
റോഡ് ഉപരോധം: സീ ക്വീൻ ഹോട്ടൽ മുതൽ ഗാന്ധി റോഡ് ജംഗ്ഷൻ വരെയുള്ള റോഡിൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
നോ പാർക്കിങ്: സൗത്ത് ബീച്ച് മുതൽ ഗാന്ധി റോഡ് ജംഗ്ഷൻ വരെയുള്ള റോഡരികുകളിൽ പാർക്കിങ് പൂർണമായും നിരോധിച്ചു.
ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം: രാവിലെ 7:00 മണി മുതൽ രാത്രി 11:00 മണി വരെ ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.
കർശന നിയമനടപടി
റോഡുകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കുന്നതോടൊപ്പം, ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റുന്നതിനുള്ള ചെലവും ഉടമകളിൽ നിന്ന് തന്നെ ഈടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.



