
മുക്കം: എടവണ്ണ–കൊയിലാണ്ടി സംസ്ഥാനപാതയിൽ വീണ്ടും വാഹനാപകടം. നെല്ലിക്കാപറമ്പ് അങ്ങാടിയിൽ വയോധികനെ കാറിടിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി.
ഇന്നലെ (വ്യാഴാഴ്ച)വൈകിട്ട് 6.30ഓടെയാണ് അപകടമുണ്ടായത്.
പള്ളിയിലേക്ക് പോകുകയായിരുന്ന പുതിയോട്ടിൽ അഹമ്മദ് കുട്ടിയെയാണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് കാലുകളുടെയും എല്ലുകൾക്ക് പൊട്ടലേറ്റു. ഗുരുതരമായി പരിക്കേറ്റ അഹമ്മദ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് ശേഷം കാർ നിർത്താതെ മുക്കം ഭാഗത്തേക്ക് അമിതവേഗതയിൽ പോയതായി നാട്ടുകാർ പറഞ്ഞു. നിർത്താതെ പോയ വാഹനത്തിനായി തിരച്ചിൽ ശക്തമാക്കി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്



