GULF NEWSNews

സൗദി അറേബ്യൻ വാർത്തകൾ

പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 15,050 വിദേശികള്‍
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 15,050 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ഓഗസ്റ്റ് 18 മുതല്‍ ഓഗസ്റ്റ് 24 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ 9,028 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,092 പേരെ പിടികൂടിയത്. 1,930 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 364 പേര്‍. ഇവരില്‍ 41 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 53 ശതമാനം പേര്‍ എത്യോപ്യക്കാരും 6 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.

സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 48 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 18 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊത്തം 46,730 നിയമലംഘകര്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്, അതില്‍ 43,773 പുരുഷന്മാരും 2,957 സ്ത്രീകളുമാണ്. 35,653 നിയമലംഘകരെ യാത്രാരേഖകള്‍ ലഭിക്കുന്നതിനും അവരുടെ വിമാന ടിക്കറ്റ് നടപടികള്‍ക്കുമായി അവരുടെ നയതന്ത്ര ഓഫീസിലേക്ക് റഫര്‍ ചെയ്തു. 12,810 നിയമലംഘകരെ നാടുകടത്തി.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്

ഉംറ വിസക്കാര്‍ക്ക് ഈ വിമാനത്താവളങ്ങളില്‍ മാത്രമേ ഇറങ്ങാനാകൂവെന്ന് വിമാന കമ്പനികള്‍
റിയാദ്: ഉംറ വിസയില്‍ സൗദി അറേബ്യയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമേ ടിക്കറ്റ് നല്‍കൂവെന്ന് വിമാനക്കമ്പനികള്‍. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്കും വരുന്നതിന് ഉംറ തീര്‍ഥാടകര്‍ക്ക് തടസ്സമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വഴി അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ വിമാനക്കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ.

ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദി അറേബ്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളിലൂടെ വരികയും പോവുകയും ചെയ്യാമെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഹജ്ജ് മന്ത്രാലയം ഇക്കാര്യം വെബ്സൈറ്റ് വഴിയും സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ വഴിയും അറിയിച്ചു

ഹയ്യ കാർഡ് ഉള്ളവർക്ക് ലോകകപ്പ് സീസണിൽ 60 ദിവസം വരെ സൗദിയിൽ ചെലവഴിക്കാം
ജിദ്ദ∙ ലോകകപ്പ് സീസണിൽ 60 ദിവസം വരെ സൗദിയിൽ ചെലവഴിക്കാൻ ഹയ്യ കാർഡ് കൈവശമുള്ള എല്ലാ ഫിഫ ലോകകപ്പ് ഖത്തർ 2022 ആരാധകരെയും സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2022 നവംബർ, ഡിസംബർ മാസങ്ങളിലായി ഖത്തറിലാണു ലോകകപ്പ് നടക്കുക.

വ്യവസ്ഥകൾക്ക്‌ അനുസൃതമായി രാജ്യത്തിലേക്കുള്ള പ്രവേശന വീസയ്ക്കുള്ള അപേക്ഷ സ്വീകരിക്കുമെന്നു സൗദി പ്രസ് ഏജൻസി നടത്തിയ പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു. ഹയ്യ കാർഡ് ഉടമകൾക്ക് വീസകൾക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്ഫോം വഴി ഇലക്ട്രോണിക് വീസ നേടിയ ശേഷം ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുൻപു രാജ്യത്തേക്കു പ്രവേശിക്കാൻ അനുമതി നൽകും . വീസ അപേക്ഷ എങ്ങനെ സമർപ്പിക്കാമെന്നും വീസ ലഭിക്കുന്നതിനുള്ള സംവിധാനവും മന്ത്രാലയം പിന്നീട് അറിയിക്കും. എൻട്രി വീസയുള്ളവർക്ക് 60 ദിവസത്തേക്കു രാജ്യത്തു താമസിക്കാം. വീസയുള്ളവർക്കു വീസയുടെ സാധുത കാലയളവിൽ നിരവധി തവണ രാജ്യത്തു പ്രവേശിക്കാനും പുറത്തുപോകാനും അനുമതിയുണ്ട്. സൗദിയിൽ എത്തുന്നതിനു മുൻപു ഖത്തറിലേക്കു മുൻകൂട്ടി പ്രവേശനം ആവശ്യമില്ല. രാജ്യത്തേക്കു വരുന്നതിനു മുൻപു മെഡിക്കൽ ഇൻഷുറൻസ് നേടണം.

ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയ ശേഷം മത്സരങ്ങളിൽ പങ്കെടുക്കാൻ ആരാധകർ നിർബന്ധമായും ഹയ്യ കാർഡിന് അപേക്ഷിക്കണം. മത്സര ദിവസങ്ങളിൽ ടിക്കറ്റ് എടുക്കുന്നവർക്കു സൗജന്യ പൊതുഗതാഗതം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഇതു നൽകുന്നു. നവംബർ 1 നും 2023 ജനുവരി 23 നും ഇടയിൽ ലോകകപ്പ് സീസൺ സന്ദർശിക്കുന്ന എല്ലാ സന്ദർശകർക്കും ഖത്തറിലേക്കുള്ള പ്രവേശനാനുമതിയായി ഇതു പ്രവർത്തിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com