അറിവിന്റെ പുതിയ വാതിൽ തുറന്ന് ചെമ്പുകടവ് ജി.യു.പി.എസ്.; ഇന്ററാക്ടീവ് പാനൽ ഇനി കുട്ടികളുടെ പഠനമുറിയിൽ.

കോടഞ്ചേരി: പഠനത്തെ കൂടുതൽ മികവുറ്റതും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കുന്നതിനായി ജി.യു.പി.എസ്. ചെമ്പുകടവിൽ സ്ഥാപിച്ച ഇന്ററാക്ടീവ് പാനലിന്റെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ. സി. കെ. കാസിം നിർവഹിച്ചു
പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ സുരേഷ് തോമസ് സ്വാഗതം പറഞ്ഞു. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെയാണ് വിദ്യാർത്ഥികൾക്കായി ഇന്ററാക്ടീവ് പാനൽ ഒരുക്കിയത്. സാങ്കേതികവിദ്യയെ പഠനത്തിന്റെ ഭാഗമാക്കി ക്ലാസ് മുറികളെ കൂടുതൽ സജീവവും അനുഭവവേദ്യവുമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ഫെഡറൽ ബാങ്ക് റീജിയണൽ മാനേജർ ജസ്റ്റിൻ കെ. സെബാസ്റ്റ്യൻ, കോടഞ്ചേരി ഫെഡറൽ ബാങ്ക് മാനേജർ ജയപ്രദ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി പ്രതിനിധി മിനി സണ്ണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ബ്ലോക്ക് മെമ്പർ ജോബി ഇലന്തൂർ, വാർഡ് മെമ്പർമാരായ നാൻസി ജോഷി, സത്യൻ ചോലയിൽ, ബാബു പട്ടരാട്, പി.ടി.എ. പ്രസിഡന്റ് വിനോജ്, എം.പി.ടി.എ. പ്രസിഡന്റ് ഭവ്യ എന്നിവർ ആശംസകൾ നേർന്നു.
വിദ്യാർത്ഥികളുടെ പഠനാനുഭവങ്ങൾക്ക് പുതിയ മാനം നൽകുന്ന ഇന്ററാക്ടീവ് പാനൽ സ്കൂളിന്റെ അക്കാദമിക മുന്നേറ്റങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും. സ്റ്റാഫ് സെക്രട്ടറി അബ്ദുറഊഫ് നന്ദി പറഞ്ഞു.



