കൂടരഞ്ഞിയിൽ തെങ്ങിന് വളം വിതരണ പദ്ധതിക്ക് തുടക്കമായി.

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ജനകീയസൂത്രണം 2026-27 പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിന് വളം വിതരണ പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബോബി ഷിബു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കർഷകർക്ക് കൃത്യസമയത്ത് വളം ലഭ്യമാക്കുന്നതിലൂടെ നാളികേര കർഷകർക്ക് വലിയ ആശ്വാസമാകുന്ന പദ്ധതിയാണിതെന്ന് ചടങ്ങിൽ വിലയിരുത്തി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ നിസാറാ ബീഗം, ജെയിംസ് വേളാശ്ശേരി, വാർഡ് മെമ്പർമാരായ ലീലാമ്മ മുള്ളനാനിക്കൽ, ആദർശ് ജോസഫ്, സക്കീന സലീം, റോയ് ആക്കേൽ, ഷീബ റോയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ റ്റിൻസി പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. കൃഷി അസിസ്റ്റന്റുമാരായ അനൂപ്, അരുൺ എന്നിവരും പ്രദേശത്തെ കർഷകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.



