അത്‌ലറ്റിക്സിൽ സംസ്ഥാന റെക്കോഡുമായി ബിറ്റോ ജോസഫ്.

കൂടരഞ്ഞി : അത്‌ലറ്റിക്സിലെ മികച്ച പ്രകടനങ്ങളിലൂടെ കൂടരഞ്ഞിയുടെയും കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറുകയാണ് കൂടരഞ്ഞി സ്വദേശി ബിറ്റോ ജോസഫ്. കൊല്ലത്ത് നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 3000 മീറ്റർ സ്റ്റീപ്പിൾചേസിലും 5000 മീറ്ററിലും സംസ്ഥാന റെക്കോഡ് നേടിയാണ് ബിറ്റോ ശ്രദ്ധേയനായത്.
ഒഡിഷയിൽ നടന്ന ദേശീയ അത്‌ലറ്റിക്സ് മീറ്റിൽ രണ്ടാം സ്ഥാനവും പുതുച്ചേരിയിൽ നടന്ന സൗത്ത് സോൺ നാഷണൽസിൽ സ്വർണ മെഡലും ബിറ്റോ സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് വിജയവാഡ, നാഗാലാൻഡ്, ഒഡിഷ, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന ദേശീയതല മത്സരങ്ങളിലും ബിറ്റോ പങ്കെടുത്തിട്ടുണ്ട്.
വിവിധ ജില്ലകളിലായി നടന്ന 50-ലേറെ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ബിറ്റോയ്ക്ക് 50-ലേറെ മെഡലുകളും ലഭിച്ചിട്ടുണ്ട്.
മികച്ച നേട്ടങ്ങളുടെ ഭാഗമായി ബിറ്റോയുടെ വീട്ടിൽ ട്രോഫികളുടെ വലിയ ശേഖരമാണുള്ളത്.
ഷാജി ഉദയാർത്തലയുടെയും സോണിയയുടെയും മകനായ ബിറ്റോ ജോസഫ് ബി.എസ്.സി. മൂന്നാം വർഷ വിദ്യാർഥിയാണ്. സഹോദരി ലിറ്റി ജോസഫ് ബി.എസ്.സി. നഴ്സിങ് അവസാന വർഷ വിദ്യാർഥിനിയാണ്. തൃശൂർ സെന്റ് തോമസ് കോളേജിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി ആർ. ബിന്ദു ബിറ്റോയ്ക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചിരുന്നു.
ബിറ്റോ കൂടരഞ്ഞിയിലെത്തുന്ന സമയം നോക്കി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരവ് നൽകുമെന്ന് പഞ്ചായത്ത് അംഗം റോയി ആക്കൽ അറിയിച്ചു.



