കൂടരഞ്ഞിയിൽ മുള്ളനാനി ജോസിന്റെ കൃഷിയിടത്തിലെ ഫലവർഷങ്ങൾ നശിപ്പിച്ച നിലയിൽ.

കൂടരഞ്ഞി : കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത പഞ്ചായത്ത് അധികൃതരുടെ നിസ്സംഗ സമീപനത്തിൽ ആം ആദ്മി പാർട്ടി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
കാട്ടുപന്നി ശല്യം മൂലം പരമ്പരാഗതമായി ചെയ്തുവന്നിരുന്ന കിഴങ്ങുവർഗ്ഗ വിളകളുടെ കൃഷി ഉപേക്ഷിച്ച് പഴവർഗ്ഗ വിളകളിലേക്ക് തിരിഞ്ഞ കർഷകരുടെ അഞ്ചും എട്ടും വർഷം പ്രായമായ മരങ്ങൾ പോലും കാട്ടുപന്നി ആക്രമണത്തിൽ നശിക്കുകയാണ്. വനം മന്ത്രി മൂന്ന് മാസം മുൻപ് പ്രഖ്യാപിച്ച സ്പെഷ്യൽ കാട്ടുപന്നി ഡ്രൈവ് നിലനിൽക്കുമ്പോൾ പോലും കൂടരഞ്ഞി പഞ്ചായത്തിൽ ഒരു കാട്ടുപന്നിയെ പോലും വകവരുത്താൻ അധികൃതർക്ക് കഴിയാത്തതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
യോഗത്തിൽ എം.എ. ജോസ് മുള്ളാനാനി, മനു പൈമ്പിള്ളിൽ, ജോബി പുളിമൂട്ടിൽ, ബാബു ഐക്കര, ജോർജ് പുതിയേടം, സെബാസ്റ്റ്യൻ കാക്കിയനിയിൽ , ജോഷി തുളുവാനാനി, സന്തോഷ് പൊന്തക്കൽ തുടങ്ങിയവർ സംസാരിച്ചു.



