
കൂടരഞ്ഞി : കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പരസ്പര സ്നേഹവും മാനസികാരോഗ്യത്തിന് കരുത്തേകുമെന്ന സന്ദേശവുമായി സാംസ്കാരിക സംഘടനയായ ഗ്രീൻസ് കൂടരഞ്ഞിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു.
കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധങ്ങളും സൗഹൃദവും ശക്തിപ്പെടുത്തുന്നതിലൂടെ മാനസിക സന്തോഷവും ആത്മവിശ്വാസവും വർധിപ്പിക്കാനാകുമെന്ന് സംഗമം ചൂണ്ടിക്കാട്ടി. തിരക്കേറിയ ജീവിതസാഹചര്യങ്ങൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, പരസ്പരം കേൾക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക തുടങ്ങിയവ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണെന്ന സന്ദേശവും പരിപാടി മുന്നോട്ടുവെച്ചു.
കൂടരഞ്ഞി പാരിഷ് ഹാളിൽ നടന്ന സംഗമത്തിൽ ഗ്രീൻസ് വൈസ് പ്രസിഡന്റ് അഡ്വ. ജിമ്മി ചെറുകാട്ടിൽ അധ്യക്ഷത വഹിച്ചു. ജയേഷ് സ്രാമ്പിക്കൽ, ടോമി പ്ലാത്തോട്ടം, അഗസ്റ്റിൻ മുതലക്കുഴിയിൽ , ഷിജോ പന്തപ്പിള്ളിൽ, സിൽവിൻ പുതുപ്പള്ളി, ജോളി കാരക്കാട്ടിൽ, ജോയി മച്ചുകുഴിയിൽ, നിധിൻ പുലക്കുടിയിൽ, ജോഷി ചെറിയാൻ, തോമസ് തറപ്പേൽ, ഷെർലറ്റ് പോൾ, സാജു വേലിക്കകത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



