
തിരുവനന്തപുരം: ഉത്സവ സീസണുകളിലെ ‘ഫെസ്റ്റിവൽ സെയിൽസ്’ ഓഫറുകൾ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി കർശന ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്. വൻ വിലക്കുറവും സൗജന്യ സമ്മാനങ്ങളും വാഗ്ദാനം ചെയ്ത് വ്യാജ വെബ്‌സൈറ്റുകളും ലിങ്കുകളും പരത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഘങ്ങൾ സജീവമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ഓൺലൈൻ വഴി സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്:
വെബ്സൈറ്റ് വിലാസം പരിശോധിക്കുക: ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് വെബ്സൈറ്റിന്റെ സ്പെല്ലിംഗ് കൃത്യമാണോ എന്ന് പരിശോധിക്കുക. പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകളുടെ പേരുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഒറിജിനലിനെ വെല്ലുന്ന വ്യാജ സൈറ്റുകൾ നിർമ്മിക്കുന്നത് തട്ടിപ്പുകാരുടെ പതിവു രീതീയാണ്.
അവിശ്വസനീയമായ ഓഫറുകൾ: യാഥാർത്ഥ്യത്തിന് നിരക്കാത്ത അത്രയും വലിയ ഡിസ്കൗണ്ടുകളും സൗജന്യ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്ന മെസ്സേജുകളും പരസ്യങ്ങളും മിക്കവാറും തട്ടിപ്പായിരിക്കും.
സോഷ്യൽ മീഡിയ ലിങ്കുകൾ ഒഴിവാക്കുക: വാട്സ്ആപ്പ്, ടെലിഗ്രാം, എസ്.എം.എസ് (SMS) മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വരുന്ന ലിങ്കുകൾ വഴിയുള്ള ഷോപ്പിംഗ് കഴിവതും ഒഴിവാക്കുക. അതത് സ്ഥാപനങ്ങളുടെ ഔദ്യോഗിക ആപ്പുകളിലൂടെയോ അല്ലെങ്കിൽ നേരിട്ട് ബ്രൗസറിൽ വെബ്സൈറ്റ് അഡ്രസ്സ് ടൈപ്പ് ചെയ്തോ മാത്രം പർച്ചേസ് ചെയ്യുക.
സുരക്ഷാ ചിഹ്നങ്ങൾ ഉറപ്പുവരുത്തുക: വെബ്സൈറ്റ് അഡ്രസ്സ് ‘https://’ എന്ന് തുടങ്ങുന്നുണ്ടെന്നും, അതിൽ ഒരു പാഡ്‌ലോക്ക് (🔒) ചിഹ്നമുണ്ടെന്നും ഉറപ്പുവരുത്തുക. അപരിചിതമായ വെബ്സൈറ്റുകളിൽ ബാങ്ക് വിവരങ്ങളോ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങളോ, യു.പി.ഐ (UPI) വിവരങ്ങളോ ഒരു കാരണവശാലും നൽകരുത്.
വ്യാജ കസ്റ്റമർ കെയർ കോളുകൾ: ഓർഡർ ക്യാൻസൽ ചെയ്യാനോ ഓഫറുകൾ ലഭിക്കാനോ എന്ന് പറഞ്ഞ് വ്യാജ നമ്പറുകളിൽ നിന്ന് വരുന്ന കസ്റ്റമർ കെയർ കോളുകളെ സൂക്ഷിക്കുക. ഒരു കാരണവശാലും ഒ.ടി.പി (OTP) നമ്പരുകൾ ആരുമായും പങ്കുവെക്കരുത്.
തട്ടിപ്പിന് ഇരയായാൽ എന്തുചെയ്യണം?
ആരെങ്കിലും ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ ഒരു നിമിഷം പോലും വൈകാതെ ഉടൻ തന്നെ 1930 എന്ന സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക. കൂടാതെ www.cybercrime.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേനയും പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.



