LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കാട്ടുപന്നി ശല്യത്തിന് പരിഹാരമായി  മുക്കം നഗരസഭയുടെ ‘ഓപ്പറേഷൻ വരാഹ്.

മുക്കം: നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ, എം പാനൽ ഷൂട്ടർമാരെ ഉപയോഗപ്പെടുത്തിയുള്ള കാട്ടുപന്നിവേട്ടയ്ക്ക് മുക്കം നഗരസഭ തുടക്കം കുറിച്ചു. ‘ഓപ്പറേഷൻ വരാഹ്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ കാർഷിക മേഖലയെയും ജനവാസ കേന്ദ്രങ്ങളെയും ഭീതിയിലാഴ്ത്തുന്ന കാട്ടുപന്നികളെ വേട്ടയാടി നശിപ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
നഗരസഭയുടെ നേതൃത്വത്തിൽ നടന്ന  വൻ കാട്ടുപന്നിവേട്ടയിൽ പതിനഞ്ചോളം എം പാനൽ ഷൂട്ടർമാർ, വേട്ടനായ്ക്കൾ, പ്രദേശവാസികളായ കൃഷിക്കാർ, ജനപ്രതിനിധികൾ എന്നിവർ സജീവമായി പങ്കാളികളായി.

മുക്കം നഗരസഭയിലെ പ്രധാനപ്പെട്ട മൂന്ന് കേന്ദ്രങ്ങളായ താഴക്കോട്ടുമല, കാഞ്ഞിരപ്പാറ, കൊറ്റങ്ങൽ എന്നിവ കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ വരാഹ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട വേട്ട സംഘടിപ്പിച്ചത്. കൃഷിയിടങ്ങളിലും കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങളിലും വ്യാപകമായി തമ്പടിച്ചിരിക്കുന്ന കാട്ടുപന്നികളെ ഷൂട്ടർമാരുടെ പ്രത്യേക സംഘം കൃത്യമായി നിരീക്ഷിച്ച് വേട്ടയാടുകയാണ് ചെയ്യുന്നത്.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി കുറ്റിപ്പാലയിൽ പ്രദേശത്തെ കർഷകരുടെയും ജനപ്രതിനിധികളുടെയും പ്രത്യേക യോഗം വിളിച്ച് ചേർത്തിരുന്നു.  യോഗത്തിന്റെ ഉദ്ഘാടനം മുക്കം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി നിർവ്വഹിച്ചു.
ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൾ അസീസ് വാർപ്പിൽ, നഗരസഭാ കൗൺസിലർമാരായ റൈനിഷ് നീലാംബരി, കെ. രാജൻ, ബിന്ദു രാജൻ തുടങ്ങിയവർ സംസാരിച്ചു. കാട്ടുപന്നി ശല്യം കാരണം കൃഷിനാശം നേരിടുന്ന കർഷകർക്ക് ആശ്വാസം പകരണമെന്നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുമെന്നും യോഗത്തിൽ ജനപ്രതിനിധികൾ വ്യക്തമാക്കി.
ഓപ്പറേഷൻ വരാഹ് വരും ദിവസങ്ങളിലും നഗരസഭയിലെ വിവിധ വാർഡുകളിലേക്ക് വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com