തിരുവമ്പാടി ബസ് സ്റ്റാൻഡിൽ ബസുകളുടെ പാഞ്ഞുകയറ്റം പതിവാകുന്നു; യാത്രക്കാരുടെ ജീവനു ഭീഷണി; ഒരാഴ്ചക്കിടെ മൂന്ന് അപകടങ്ങൾ

തിരുവമ്പാടി: നിന്നുതിരിയാൻ ഇടമില്ലാത്ത തിരുവമ്പാടി ബസ് സ്റ്റാൻഡിൽ ബസുകളുടെ തോന്നുംപടിയുള്ള പോക്കുവരവും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും യാത്രക്കാരുടെ ജീവനു ഭീഷണിയാകുന്നു. സ്റ്റാൻഡിൽ ഒരാഴ്ചക്കിടെ മൂന്ന് അപകടങ്ങളാണ് ഉണ്ടായത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് യാത്രക്കാരുടെ ഇരിപ്പിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് കാത്തിരുന്ന ഇരിപ്പിടത്തിലേക്ക് ബസ് ഓടിപ്പാഞ്ഞെത്തിയതിനെ തുടർന്ന് രണ്ടു സ്ത്രീകൾ തെറിച്ചുവീണു. ഭാഗ്യത്തിന് വലിയ പരിക്കുകളില്ലാതെ ദുരന്തം ഒഴിവാകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരിപ്പിടം ഭാഗികമായി തകർന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കെ.എസ്.ആർ.ടി.സി ബസിന്റെ മുൻചക്രം കയറി പ്ലസ്ടു വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റിരുന്നു. നടന്നുപോകുകയായിരുന്ന മറ്റൊരു സ്ത്രീയേയും അന്ന് സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചിരുന്നു. ഈ സംഭവങ്ങൾക്കുശേഷമാണ് ഇന്നലത്തെ അപകടവുമുണ്ടായത്.
സുരക്ഷാ ഭിത്തികളോ വേലികളോ ഇല്ലാതെ സ്റ്റാൻഡ്
ബസുകൾക്ക് പാർക്കിങ് കേന്ദ്രത്തോടനുബന്ധിച്ച് സുരക്ഷാ ഭിത്തികളോ കോൺക്രീറ്റ് തൂണുകളോ ഇവിടെയില്ല. ഇരിപ്പിടങ്ങളോട് ചേർന്ന് സുരക്ഷാവേലി പോലുമില്ലാത്തതും കടകളോട് ചേർന്ന് നേരിയ പടികൾ മാത്രം ഉള്ളതും അപകടസാധ്യത ഇരട്ടിയാക്കുന്നു. ഡ്രൈവർമാരുടെ നിയന്ത്രണം ചെറിയ രീതിയിൽ പാളിയാൽപോലും ബസുകൾ കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്ക് പാഞ്ഞുകയറുന്ന അവസ്ഥയാണ്.
അനിയന്ത്രിതമായി സ്വകാര്യ വാഹനങ്ങളും
ബസുകൾക്ക് മാത്രം പ്രവേശനമുള്ള സ്റ്റാൻഡിൽ കാറും ബൈക്കും വാനുമെല്ലാമായി സ്വകാര്യ വാഹനങ്ങൾ സദാസമയവും പാർക്ക് ചെയ്യുന്നത് പതിവാണ്. ഇത് നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർക്കോ പോലീസിനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
കൂടാതെ, 15 മിനിറ്റിലധികം സമയം സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്യാൻ പാടില്ലെന്ന് മുന്നറിയിപ്പ് ബോർഡ് ഉണ്ടെങ്കിലും ഇത് ആരും പാലിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഇതിനെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിലുള്ള വാക്കേറ്റങ്ങളും സ്റ്റാൻഡിൽ പതിവാണ്. യാത്രക്കാരുടെ ജീവൻ സംരക്ഷിക്കാൻ അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.



