മുക്കം നഗരസഭാ കേരളോത്സവം കലോത്സവ പരിപാടിയോടെ സമാപിച്ചു.

മുക്കം : കഴിഞ്ഞ മൂന്നാഴ്ചയായി നടന്നുവന്ന മുക്കം നഗരസഭാ കേരളോത്സവ പരിപാടിക്ക് ആവേശകരമായ സമാപനം. നഗരസഭാ പരിധിയിലുള്ള ആയിരക്കണക്കിന് യുവാക്കളാണ് മൂന്നാഴ്ച നീണ്ടുനിന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. മണാശ്ശേരി യു.പി സ്കൂളിൽ വെച്ച് നടന്ന വൈവിധ്യമാർന്ന കലോത്സവത്തോടുകൂടിയാണ് ഇത്തവണത്തെ കേരളോത്സവത്തിന് തിരശ്ശീല വീണത്. സമാപന ദിവസമായ ഇന്ന് മണാശ്ശേരിയിൽ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.കേരളോത്സവത്തിന്റെ സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദിനി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബിന്ദു കെ.പി, റാഷിദ് കുന്നത്ത്, ഭവന വിനോദ്, മനീഷ ഉള്ളാട്ടിൽ, കൗൺസിലർമാരായ കെ. ബാബു, ലീല പുൽപറമ്പിൽ, ബിന്ദു രാജൻ, അബ്ദുള്ള കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



