LOCAL NEWSNews

ജനവാസമേഖലയിൽ കാട്ടാനകൾ: ഭയം കാടിറങ്ങുന്നു

തിരുവമ്പാടി : കാട്ടാനശല്യം നിയന്ത്രിക്കാൻ കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിൽ സൗരോർജവേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ത്വരപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ജനവാസകേന്ദ്രങ്ങളിലടക്കം കാട്ടാനകൾ താണ്ഡവമാടുകയാണ്. കഴിഞ്ഞദിവസം തോട്ടുമുക്കം കോനൂർകണ്ടിയിൽ കാട്ടാനകൾ ലോറിയും ഓട്ടോറിക്ഷയും ഉൾപ്പെടെ മൂന്നുവാഹനങ്ങളാണ് തകർത്തത്. പീടികപ്പാറ തേനരുവി മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിക്കുകയുമുണ്ടായി. ഏതാനും മാസങ്ങൾക്കുമുമ്പും ജില്ലാ അതിർത്തിപ്രദേശങ്ങളിൽ വ്യാപകമായി വിളകൾ നശിപ്പിച്ചിരുന്നു. ഉന്നത വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കുകയും ജില്ലാ അതിർത്തിയിൽ സൗരോർജവേലി സ്ഥാപിക്കുമെന്ന് ഉറപ്പുനൽകുകയുംചെയ്തിരുന്നു.

മാസങ്ങൾ പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.ഫണ്ടിന്റെ അപര്യാപ്‌തതയാണ് കാരണമായി വനംവകുപ്പ് അധികൃതർ പറയുന്നത്. മലപ്പുറം ജില്ലയിലെ കൊടുമ്പുഴ വനമേഖലയിൽ നിന്നാണ് ഇവിടേക്ക് കാട്ടാനകൾ എത്തുന്നതെന്ന് വനംവകുപ്പ് പീടികപ്പാറ സെക്‌ഷൻ ഓഫീസർ എ. പ്രസന്നകുമാർ പറഞ്ഞു.പീടികപ്പാറ തേനരുവിമേഖലയിൽ കാട്ടാന നാശംവിതച്ച പ്രദേശങ്ങൾ കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.കർഷക കോൺഗ്രസ് ജില്ലാപ്രസിഡന്റ് മാജൂഷ് മാത്യൂസ്, കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡന്റ് ജോസ് മടപ്പള്ളി, ജോർജ് തറപ്പേൽ, സാവിച്ചൻ പള്ളികുന്നേൽ, തോമസ് മനയാനി, ജോഷി കുമ്പുക്കൽ, ബിനു പനന്തോട്ടം എന്നിവരടങ്ങിയ സംഘമാണ് സ്ഥലങ്ങൾ സന്ദർശിച്ചത്. വനംവകുപ്പ് അധികൃതർ രാത്രി പട്രോളിങ് ഊർജിതമാക്കണമെന്ന് കിസാൻജനത പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പി.എം. തോമസ്, ജോൺസൺ കുളത്തിങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, ടോമി ഉഴുന്നാലിൽ എന്നിവർ സംസാരിച്ചു. പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ലോക് താന്ത്രിക് യുവജനതാദൾ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാനസെക്രട്ടറി വിൽസൺ പുല്ലുവേലിൽ ഉദ്ഘാടനംചെയ്തു. ജിൻസ് ഇടമനശ്ശേരി അധ്യക്ഷത വഹിച്ചു. ജോളി പൈക്കാട്ട്, സത്യൻ പനക്കച്ചാൽ, സുബിൻ പൂക്കളം എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com