
ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് കരുത്തരായ ബ്രസീൽ ഇന്നിറങ്ങും. ദക്ഷിണ കൊറിയയാണ് എതിരാളികൾ. ബ്രസീൽ – ദക്ഷിണകൊറിയ മത്സരം അർദ്ധരാത്രി 12.30നും നടക്കും. ഏഷ്യൻ ടീമുകൾ അട്ടിമറിക്കരുത്ത് കാട്ടിയ ലോകകപ്പിൽ വീണ്ടും ഒരു അട്ടിമറി നടക്കുമോ എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
കപ്പ് സാധ്യതയിൽ മുന്നിൽ നിൽക്കുന്ന ടീമാണ് ബ്രസീൽ. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ 7 മുൻനിര താരങ്ങളില്ലാതെയിറങ്ങിയ ബ്രസീൽ കാമറൂണിനോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റെങ്കിലും അത് ടിറ്റെ കാര്യമാക്കില്ല. സൂപ്പർ താരം നെയ്‌മർ തിരികെയെത്തുമെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അത് ബ്രസീലിനു നൽകുന്ന അഡ്വാൻ്റേജ് വളരെ വലുതാവും. സോൺ ഹ്യുങ്ങ്-മിന്നിൻ്റെ ദക്ഷിണ കൊറിയ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ വീഴ്ത്തിയാണ് അവസാന 16 ലെത്തുന്നത്. അത്ര ആധികാരികമായ പ്രകടനങ്ങളല്ല അവർ നടത്തിയതെങ്കിലും തങ്ങളെക്കൊണ്ട് എന്ത് സാധിക്കുമെന്ന് പോർച്ചുഗലിനെ തോല്പിച്ചതിലൂടെ അവർ തെളിയിച്ചു. ഇതിനകം അപകടകാരെന്ന സന്ദേശം നൽകിക്കഴിഞ്ഞ ബ്രസീൽ ആക്രമന നിരയെ തടഞ്ഞുനിർത്തുകയെന്നത് ദക്ഷിണകൊറിയക്ക് വെല്ലുവിളി ആയേക്കും.



