LOCAL NEWS

പ്രതീക്ഷയുടെ ചൂളംവിളി: 4 വർഷം മുൻപ് ആരംഭിച്ച വികസന പദ്ധതിയുടെ പുനരുജ്ജീവനം

കോഴിക്കോട്: മലബാറിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് എംപിമാർ മാർച്ച് രണ്ടിന് റെയിൽവേ ബോർഡുമായി ചർച്ചകൾ നടത്തുമ്പോൾ കോഴിക്കോടിന് പ്രതീക്ഷയാവുന്നത് 4 വർഷം മുൻപ് ആരംഭിച്ച റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയുടെ പുനരുജ്ജീവനം.

ജനറൽ മാനേജരുടെ മുൻ യോഗത്തിൽ ഒച്ചിഴയുന്ന വേഗത്തിൽ നീങ്ങുന്ന പദ്ധതിയുടെ ആസൂത്രണം പുരോഗമിക്കുകയാണെന്ന മറുപടി മാത്രമാണ് ലഭിച്ചത്. ഇതേക്കുറിച്ച് കൃത്യമായ ധാരണകൾ വരുന്ന യോഗത്തിൽ ഉണ്ടായേക്കുമെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു. 2033 കോടി രൂപയാണ് കേരളത്തിന്റെ റെയിൽവേ വികസനത്തിനായി ഇത്തവണ നീക്കി വച്ചിട്ടുള്ളത്. ഇതിൽ എത്ര തുക മലബാർ മേഖലയ്ക്കായി ലഭിക്കുമെന്ന് കാത്തിരുന്നു കാണണം. സാധ്യതകളും ആലോചനകളും ഇങ്ങനെ.

ട്രെയിൻ നമ്പർ 16512/511

ബെംഗളൂരുവിലേക്ക് മതിയായ ട്രെയിൻ സർവീസുകൾ ആവശ്യമാണ്. ബെംഗളൂരു – കണ്ണൂർ സ്റ്റേഷനുകൾക്ക് ഇടയിൽ ഓടുന്ന 16512/16511 ട്രെയിനിന്റെ വിശ്രമ സമയം പ്രയോജനപ്പെടുത്തി കോഴിക്കോട് വരെ നീട്ടുന്നതിനായി ചർച്ച നടത്തിയിട്ടുണ്ട്. സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം പരിമിതികൾ മറികടക്കാമെന്നും എംപി പറഞ്ഞു.

പുതിയ പ്രതിദിന ട്രെയിൻ പാലക്കാട് വഴി

ബെംഗളൂരു കോഴിക്കോട് റൂട്ടിലെ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി പുതിയ മംഗളൂരു– ബെംഗളൂരു (വിശ്വേശ്വരയ്യ ടെർമിനൽ വരെ) പ്രതിദിന ട്രെയിൻ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മംഗളൂരുവിൽ മൂന്നാം പിറ്റ് ലൈൻ പൂർത്തിയാകുന്നതോടെ ഓട്ടം തടസ്സരഹിതമാകും.

മംഗളൂരു-മധുര-രാമേശ്വരം ട്രെയിൻ

റെയിൽവേ ബോർഡ് അംഗീകരിച്ച മംഗളൂരു-രാമേശ്വരം ദ്വൈവാര എക്‌സ്പ്രസ് പാലക്കാട് ടൗൺ വഴി ഏർപ്പെടുത്താൻ സമ്മർദം ചെലുത്തും.

മറ്റു നിർദേശങ്ങൾ

∙ ബോർഡ് അംഗീകരിച്ച പാലക്കാട്-കോഴിക്കോട് മെമു അവതരിപ്പിക്കണം. പുതിയ മംഗളൂരു – കോഴിക്കോട് എക്‌സ്പ്രസ് മെമു ആയി മാറ്റാം.
∙ ബോർഡ് അംഗീകൃത മംഗളൂരു -കോയമ്പത്തൂർ ശതാബ്ദി ‌
∙ കോഴിക്കോട്-എറണാകുളം മെമു അവതരിപ്പിച്ചേക്കും.
∙ വെസ്റ്റ് ഹില്ലിലെ പിറ്റ്‌ലൈൻ (കോഴിക്കോട്)

അറ്റകുറ്റപ്പണികൾക്കായി വെസ്റ്റ് ഹില്ലിൽ പിറ്റ് ലൈൻ വേണം. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ മംഗളൂരു, എറണാകുളം, കൊച്ചുവേളി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പിറ്റ് ലൈനുകൾ ഇപ്പോൾ തന്നെ ലഭ്യമാണെന്നാണ് മറുപടി. ഇത് പര്യാപ്തമല്ല.

ഉദയ് എക്‌സ്‌പ്രസ്, വന്ദേ ഭാരത് എക്‌സ്പ്രസ് ആക്കണം

കോയമ്പത്തൂർ – സൗത്ത് ബംഗളൂരു ഉദയ് എക്സ്പ്രസ് ഇപ്പോൾ നഷ്ടത്തിലാണ് ഓടുന്നത്. ഈ ട്രെയിൻ കോഴിക്കോട് വരെ വന്ദേ ഭാരത് എക്‌സ്പ്രസ് ആയി നീട്ടിയാൽ യാത്രക്കാർക്ക്പ്രയോജനം ചെയ്യും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com