
മാവൂർ : വിഷുവിന് കണികാണാൻ കണിവെള്ളരി നേരത്തേതന്നെ തയ്യാർ. മാവൂർപാടത്ത് പാകമായ കണിവെള്ളരി വിളവെടുത്തുതുടങ്ങി. ഫെബ്രുവരി ആദ്യം കൃഷിയിറക്കുന്ന വെള്ളരി വിഷുവാകുമ്പോഴേക്കും വിളഞ്ഞുപാകമാകും. വിഷുവിന്റെ തൊട്ടടുത്ത മൂന്ന് ദിവസങ്ങളിലാണ് വിപണിയിൽ ആവശ്യക്കാർ കൂടുകയെങ്കിലും കടുത്ത വെയിലും വരൾച്ചയും കാരണം വെള്ളരി പൊട്ടിക്കീറുന്നതിനാൽ മഞ്ഞനിറമാകുമ്പോൾതന്നെ വിളവെടുക്കുകയാണ് ചെയ്യുന്നത്. പച്ചക്കറിയും പഴവർഗങ്ങളും കൂടുതലും അയൽ നാടുകളിൽനിന്നാണ് സംസ്ഥാനത്തെത്തുന്നതെങ്കിലും വർഷങ്ങളായി വിഷുവിന് കണിവെള്ളരി എത്തുന്നത് നാട്ടിലെ വയലുകളിൽനിന്നാണ്.
മാവൂർ, പെരുവയൽ, മലപ്രം, വളയന്നൂർ, കുറ്റിക്കാട്ടൂർ, വെള്ളന്നൂർ ഭാഗങ്ങളിൽ വ്യാപകമായി ഏറെവർഷങ്ങളായി കണിവെള്ളരി കൃഷിചെയ്യുന്നുണ്ട്. സൂപ്പർമാർക്കറ്റുകളിലേക്കും മൊത്തവ്യാപാര കേന്ദ്രങ്ങളിലേക്കുമാണ് ആദ്യഘട്ടത്തിൽ കണിവെള്ളരി കൊണ്ടുപോകുന്നത്. വലിയ സൂപ്പർ മാർക്കറ്റുകളിലേക്കുള്ള ലോഡുകളാണ് ആദ്യം പോയിത്തുടങ്ങുക. മാവൂർ പാടത്ത് പാരമ്പര്യകർഷകൻ എൻ.എ. മരക്കാർ ബാവ കൃഷി ചെയ്ത കണിവെള്ളരിയുടെ വിളവെടുപ്പ് ചൊവ്വാഴ്ച നടന്നു. ഒരേക്കറോളം സ്ഥലത്താണ് മരക്കാർബാവ കൃഷിയിറക്കിയത്.
ശക്തമായ വെയിലിനെ അതിജീവിച്ചാണ് കണിവെള്ളരി വിളവെടുപ്പ്. വ്യാപാരികൾ ആവശ്യപ്പെട്ട പ്രകാരമാണ് വിളവെടുപ്പ് നടത്തുന്നത്. അടുത്തദിവസം തന്നെ ഇവ വ്യാപാരികളുട സംഭരണശാലകളിലേക്ക്കൊണ്ടുപോകും. പിന്നീട് വിഷുനാളിലേക്ക് പലയിടത്തും സംഭരിച്ചുവെക്കുകയാണ് ചെയ്യുക



