
കോഴിക്കോട്:ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി കെ അബ്ദുള്‍ ഖാദറിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ 379 വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി സംഘം പരിശോധന നടത്തി. നിയമലംഘനം നടത്തിയ 28 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് 1,21,000 രൂപ പിഴ ഈടാക്കി. ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാലും പാക്കറ്റിന് പുറത്ത് ആവശ്യമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്തത് സംബന്ധിച്ചുമാണ് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കിയത്. പിഴ ഒടുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്ക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും.മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പ്പന നടത്തുക, നിര്‍മാതാവിന്റെ വിലാസം, ഉല്‍പന്നം പാക്ക് ചെയ്ത തീയ്യതി, അളവ്, തൂക്കം, പരമാവധി വില്‍പ്പന വില, തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകള്‍ വില്‍പ്പന നടത്തുക, എംആര്‍പിയെക്കാള്‍ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഈ മാസം ഏഴിന് ആരംഭിച്ച പരിശോധനകള്‍ ഓണം വരെ തുടരും. രണ്ട് സ്‌ക്വാഡുകളായാണ് പരിശോധനകള്‍ നടത്തുന്നത്.



