
കൊയിലാണ്ടി: നന്തി റെയിൽവേ മേൽപാലത്തിനു മുകളിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 7.30ന് ആണ് സംഭവം. അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. തിക്കോടിയിൽ നിന്ന് മൂടാടിയിലേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്. കാറുടമയായ തിക്കോടി സ്വദേശി ബഷീറും 2 മക്കളുമാണ് കാറിലുണ്ടായിരുന്നത്.
യാത്രയ്ക്കിടെ നന്തി പാലത്തിന് മധ്യഭാഗത്ത് എത്തിയപ്പോഴാണ് കാറിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ കാർ നിർത്തുകയും യാത്രക്കാർ പുറത്തിറങ്ങുകയും ചെയ്തു. അപ്പോഴേക്കും കാറിന് തീപിടിച്ചിരുന്നു. സമീപത്തുള്ള സഹാനി ആശുപത്രിയിൽ നിന്നുള്ള ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചും വെള്ളം ചീറ്റിച്ചുമാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്. തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്കായി. ഇരുവശത്തേക്കും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര നീണ്ടു.



