LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

കർഷക ശബ്ദമായി ഇൻഫാം കർഷക മഹാസംഗമം.

തിരുവമ്പാടി: കർഷകരുടെ അവകാശസംരക്ഷണത്തിനും കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കർഷകർക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമായി ഇൻഫാം (ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ്) താമരശ്ശേരി കാർഷിക ജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക മഹാസംഗമം തിരുവമ്പാടി പാരിഷ് ഹാളിൽ കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി കാർഷിക ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 1,200 ലധികം കർഷകർ പങ്കെടുത്തു.
ഇൻഫാം താമരശ്ശേരി കാർഷിക ജില്ലാ ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് സ്വാഗതം ആശംസിച്ചു. മലനാടൻ ഗ്രാമങ്ങളുടെ യഥാർത്ഥ ശക്തി കർഷകരാണെന്നും നാടിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിൽ അവർ നിർണായക പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇൻഫാം ദേശീയ രക്ഷാധികാരിയും താമരശ്ശേരി രൂപതാധ്യക്ഷനുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. കുടിയേറ്റത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച മഹാസംഗമം, കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള വേദിയായി. മനുഷ്യന്റെ വിശപ്പകറ്റുന്ന കർഷകരുടെ സംരക്ഷണവും ശാക്തീകരണവും സമൂഹത്തിന്റെയും സർക്കാരിന്റെയും പ്രധാന ഉത്തരവാദിത്വമാണെന്ന സന്ദേശവും സംഗമം മുന്നോട്ടുവച്ചു.
കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് മഹാസംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിച്ചു. സംഗമത്തിൽ കർഷകർ അവതരിപ്പിച്ച പ്രശ്നങ്ങളും ആശങ്കകളും ഏറെ പ്രസക്തമാണെന്നും അവ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്നും ബന്ധപ്പെട്ട വിഷയങ്ങളിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷിക്ക് സവിശേഷമായ ആത്മീയ സംസ്കാരമുണ്ടെന്നും അത് സംരക്ഷിച്ച് പുതുതലമുറയിലേക്ക് പകരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും സർക്കാർ സംവിധാനങ്ങളും കർഷക സംഘടനകളും തമ്മിലുള്ള സഹകരണം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇൻഫാം അംഗങ്ങളായ 16,356 കർഷകർ ഒപ്പിട്ട നിവേദനം താമരശ്ശേരി കാർഷിക ജില്ലാ പ്രസിഡന്റ് ബ്രോണി നമ്പ്യാപറമ്പിൽ കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖിന് കൈമാറി. കർഷകർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ അനുവദിക്കുക, ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ (ESA) ഭൂപടത്തിൽനിന്ന് ഒഴിവാക്കുക, വന്യമൃഗങ്ങളുടെ ആക്രമണം മൂലമുണ്ടാകുന്ന കൃഷിനാശത്തിന് ഒരു മാസത്തിനകം ന്യായമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ പ്രധാനമായും ഉന്നയിച്ചത്. കൂടാതെ, കർഷകർക്ക് സ്വന്തം കൃഷിയിടങ്ങളിൽ വേലി സ്ഥാപിക്കുന്നതിന് അനുമതി നൽകുകയും അതിനുള്ള ചെലവ് സർക്കാർ വഹിക്കുകയും ചെയ്യുക, കൃഷിയിടങ്ങളിൽ പ്രവേശിക്കുന്ന വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കുന്നതിന് കർഷകർക്ക് ആവശ്യമായ നിയമപരമായ സംരക്ഷണം ഉറപ്പാക്കുക, പരിശീലനം ലഭിച്ച ഷൂട്ടർമാരുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചു.
ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ കാർഷിക സമൃദ്ധിയും നാളികേര കൃഷിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തി 500 കേരഗ്രാമങ്ങൾ രൂപീകരിക്കുക എന്ന ഇൻഫാമിന്റെ ദീർഘകാല ദർശനം അദ്ദേഹം അവതരിപ്പിച്ചു. ‘കേരളം’ എന്ന നാമത്തിന്റെ അർത്ഥവും മഹത്വവും കാർഷിക സമൃദ്ധിയിലൂടെ യാഥാർഥ്യമാക്കുകയും നാളികേര കൃഷിയിലൂടെ കർഷകരുടെ വരുമാനവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും ശക്തിപ്പെടുത്തുകയുമാണ് ഈ ആശയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. കർഷകരുടെ അവകാശസംരക്ഷണത്തിനും കാർഷിക മേഖലയിലെ പുരോഗതിക്കുമായി ഇൻഫാം ദേശീയതലത്തിൽ നടത്തുന്ന പ്രവർത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു. വന്യമൃഗശല്യം മൂലം കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിൽ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകളും വേലി നിർമാണത്തിന് ആവശ്യമായ അനുമതി, സാമ്പത്തിക സഹായം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളും അദ്ദേഹം കൃഷിമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കർഷകരുടെ കൃഷിയും ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് പ്രായോഗികവും സമയബന്ധിതവുമായ പരിഹാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ. അബ്രഹാം വയലിൽ കാലാവസ്ഥാ വ്യതിയാനം മുതൽ സർക്കാർ നയങ്ങളും നിയമങ്ങളും വരെയുള്ള നിരവധി വെല്ലുവിളികൾ കർഷകർ നേരിടുന്നുണ്ടെന്നും സമൂഹത്തിന് ഭക്ഷണം നൽകുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ചൂണ്ടിക്കാട്ടി. തിരുവമ്പാടി എം.എൽ.എ ശ്രീ.സി.കെ. കാസിം കർഷക ശാക്തീകരണത്തിന്റെയും കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു.
തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപ്പറമ്പിൽ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മില്ലി മോഹൻ, ഇൻഫാം ദേശീയ ഡയറക്ടർ ഫാ. ജോസ് ചെറുകരക്കുന്നേൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജിതിൻ പല്ലാട്ട്, കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീ അജയ് അലക്സ് എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു. കർഷകരുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായി ഇൻഫാം നടത്തുന്ന പ്രവർത്തനങ്ങളെയും പോരാട്ടങ്ങളെയും വിവിധ പ്രഭാഷകർ അഭിനന്ദിച്ചു.
ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസ് കാവനാടി സംഘടനയുടെ ദേശീയതലത്തിലുള്ള വളർച്ചയും പ്രവർത്തന നാഴികക്കല്ലുകളും അവതരിപ്പിച്ചു. മലബാർ മേഖലാ ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ മലബാർ മേഖലയിലും താമരശ്ശേരി കാർഷിക ജില്ലയിലും ഇൻഫാം കൈവരിച്ച വളർച്ചയും പ്രവർത്തനങ്ങളും വിശദീകരിച്ചു. ഇൻഫാമിന്റെ രൂപീകരണത്തിലും വളർച്ചയിലും സ്ഥാപകനായ ഫാ. മാത്യു വടക്കേമുറിയിൽ  മോൺ. ആന്റണി കോഴുവനാൽ  ശ്രീ ബേബി പെരുമാലിൽ എന്നിവരുടെ  സംഭാവനകൾ പ്രത്യേകം അനുസ്മരിച്ചു.
കർഷകർക്ക് തങ്ങളുടെ സംശയങ്ങളും പ്രശ്നങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും വിവിധ വിഷയങ്ങളിൽ വിശദീകരണം തേടാനും ഇതിലൂടെ അവസരം ലഭിച്ചു.
ഇൻഫാം താമരശ്ശേരി കാർഷിക ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. സായി പാറൻകുളങ്ങര ഭാവി പ്രവർത്തനപദ്ധതികൾ അവതരിപ്പിച്ചു. കർഷകരുടെ ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും പിന്തുണ ഉറപ്പാക്കുന്ന ‘മണ്ണുമുതൽ വിപണിവരെ’ എന്ന സമഗ്ര കാർഷിക വികസന കാഴ്ചപ്പാടാണ് പദ്ധതിയുടെ അടിസ്ഥാനം. ഇതിന്റെ ഭാഗമായി ഇൻഫാം സൺഡേ മാർക്കറ്റ്, ഓൺലൈൻ വിപണനം, കൃഷി അധിഷ്ഠിത സംഗമങ്ങൾ, കർഷകർക്കായുള്ള ഇൻഫാം ഹെൽപ്പ് ഡെസ്ക്, ആധുനിക കൃഷിരീതികളിലുള്ള പരിശീലന ക്ലാസുകൾ, കൂട്ടുകൃഷി, ചെറുകിട സംരംഭങ്ങൾ, മണ്ണ് പരിശോധന തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു. കർഷകർക്ക് ഉൽപ്പാദന മേഖലയിലെ പിന്തുണയ്ക്കൊപ്പം ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനും വരുമാനവർധന ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
സംഗമത്തിൽ ജില്ലാ പ്രസിഡന്റ് ബ്രോണി നമ്പ്യാപറമ്പിൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് ഇൻഫാം ആന്തം ആലപിച്ചു.
കർഷകരുടെ കൂട്ടായ്മയും അവകാശബോധവും ശക്തിപ്പെടുത്തുന്നതിനൊപ്പം കാർഷിക മേഖലയിലെ പുതിയ സാധ്യതകൾ കണ്ടെത്താനും കർഷകരുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാര നടപടികൾക്ക് വഴിയൊരുക്കാനും മഹാസംഗമം നിർണായക വേദിയായി. ബാബി ആലക്കൽ, ആൽബിൻ സക്കറിയാസ്, സുജിത് പോൾ, ക്രിസ്റ്റീന റോസ്, ഷാനി ജോസഫ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com