
കോടഞ്ചേരി:കാലവർഷം ശക്തമായതോടെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗവൺമെന്റ് യു പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. മണ്ണിടിച്ചിൽ സാധ്യത മുൻനിർത്തി പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട വെണ്ടേക്കുംപൊയിൽ എസ് ടി കോളനിയിലെ മുഴുവൻ കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റി. 21 കുടുംബങ്ങൾ ഇപ്പോൾ ചെമ്പ്കടവ് സ്കൂളിലെ ക്യാമ്പിൽ കഴിയുന്നു. സ്ത്രീകളും കുട്ടികളും അടക്കം 76 ഓളം പേർ ക്യാമ്പിൽ ഉണ്ട്.
ക്യാമ്പിൽ കഴിയുന്ന എല്ലാവരെയും കോടഞ്ചേരി ഗവൺമെന്റ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ആയ ഡേ. തസ്നിയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം പരിശോധിച്ചു. ക്യാമ്പ് മാനേജ്മെന്റ് കമ്മിറ്റി ചുമതല കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്റർ എച്ച്. ഐ ശാലു പ്രസാദിനാണ്.
തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഭൂരേഖ തഹസിൽദാർ കെ ബാലരാജൻ, ഡെപ്യൂട്ടി തഹസിൽദാർ സജി പാപ്പു, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ് ചിന്നാ അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, വാർഡ് മെമ്പർ വനജ വിജയൻ എന്നിവരും ക്യാമ്പിൽ സന്ദർശനം നടത്തി. ക്യാമ്പിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നത് കോടഞ്ചേരി വില്ലേജ് ഓഫീസർ കെ രാജന്റെ നേതൃത്വത്തിലുള്ള ടീമാണ്.



